പുളിക്കീഴ്: വെള്ളപ്പൊക്കത്തിൽ തിരുവല്ല കടപ്ര പുളിക്കീഴിലെ സീറോ ലാൻഡ്‌ലെസ് കോളനിയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയെങ്കിലും ഇവിടെയുള്ള ലൈഫ് മിഷൻ വീടുകൾ അതിജീവിച്ചു. പമ്പാ നദി കരകവിഞ്ഞൊഴുകിയാണ് താഴ്ന്ന പ്രദേശങ്ങൾ മുങ്ങിയത്. പക്ഷേ ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മിച്ച 11 വീടുകളിലേക്ക് വെള്ളം എത്തിയില്ല.
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിലൂടെ ലഭിച്ച പാഠങ്ങളാണ് ഈ അതിജീവനത്തിന് സഹായിച്ചത്. കഴിഞ്ഞ പ്രളയത്തിൽ ആകെ മുങ്ങിപ്പോയ പ്രദേശമാണ് കടപ്ര. പമ്പാ നദിയുടെ തീരത്തെ ഈ ഗ്രാമത്തിലെ വീടുകളിൽ ചെറിയ വെള്ളപ്പൊക്കത്തിൽപ്പോലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇതു കണക്കിലെടുത്ത് സീറോ ലാൻഡ്‌ലെസ് കോളനിയിലെ ലൈഫ് വീടുകൾ തറയിൽ നിന്ന് ആറടിവരെ ഉയരമുള്ള തൂണുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് മുറികൾ, അടുക്കള, ഹാൾ, സിറ്റൗട്ട്, ടോയ്‌ലറ്റ് എന്നിവയടങ്ങുന്ന വീടിന്റെ നിർമ്മാണത്തിന് ഏഴ് ലക്ഷം രൂപയാണ് ചെലവായത്.
ലൈഫ് പദ്ധതിയിൽ നിന്ന് നൽകിയ നാലു ലക്ഷം രൂപയും ഫെഡറേഷൻ ഒഫ് അമേരിക്കൻ മലയാളി അസോസിയേഷൻസ് (ഫോമ) നൽകിയ രണ്ടു ലക്ഷം രൂപയും തണൽ എന്ന സന്നദ്ധ സംഘടന നൽകിയ ഒരു ലക്ഷം രൂപയും ചേർത്താണ് പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ പണിതുനൽകിയത്. തണലിന്റെ പ്രവർത്തകരാണ് ഭവനനിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്.
ഇത്തവണത്തെ പ്രളയത്തിലും ഈ പ്രദേശത്തെ മറ്റു വീടുകളിൽ വെള്ളം കയറിയെങ്കിലും ആറടി ഉയരത്തിൽ നിർമ്മിച്ച വീടുകളിലേക്ക് കയറാനുള്ള പടികൾ വരെ മാത്രമേ മുങ്ങിയുള്ളു. അതിനാൽ ഈ കുടുംബങ്ങൾക്ക് ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നില്ല.
ഫോമയും തണലും ചേർന്ന് ഈ പ്രദേശത്ത് 21 വീടുകൾ കൂടി നിർമ്മിച്ചു നൽകിയിട്ടുണ്ട്. പ്രളയത്തെ അതിജീവിക്കുന്ന മാതൃകയിലാണ് ഇവയും പണിതത്. റീബിൽഡ് കേരള പദ്ധതിയിൽ പ്രളയബാധിതർക്കായി മുത്തൂറ്റ് ഗ്രൂപ്പ് നിർമ്മിച്ചുനൽകുന്ന 15 വീടുകളും ഈ മാതൃകയിൽ പണിയുന്നുണ്ട്.