maths
തെള്ളിയൂർ ഗവ.എൽ.പി.സ്‌കൂളിൽ ഉല്ലാസഗണിതം ജില്ലാതല ഉദ്ഘാടന വേദിയിൽ ആന്റോ ആന്റണി എം.പിയോടൊപ്പം ഗണിതകേളികളിൽ ഗംഗയും കൂട്ടുകാരും

തിരുവല്ല: `കണക്കിനേയും കണക്ക് ടീച്ചറേയും ഞങ്ങൾക്കിനി പേടിയില്ല`. തടിയൂർ ഗവ.എൽ.പി.സ്‌കൂളിലെ ഒന്നാംക്ലാസുകാരി ഗംഗയാണ് പറയുന്നത്. ഉല്ലാസഗണിതം ജില്ലാതല ഉദ്ഘാടനവേദിയിലായിരുന്നു ഗംഗയുടെ പ്രഖ്യാപനം. ഉദ്ഘാടനത്തിനെത്തിയ ആന്റോ ആന്റണി എം.പിയോടൊപ്പം ഗണിത കേളികളിലേർപ്പെട്ട് ഗംഗയും കൂട്ടുകാരും വിജയിക്കുകയും ചെയ്തു. ഒന്നാംക്ലാസിലെ എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാനശേഷികൾ ഉറപ്പാക്കാനായി പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്രശിക്ഷ കേരളം (എസ്.എസ്.കെ) നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ഉല്ലാസഗണിതം. ഗണിതപ്പേടി ഒഴിവാക്കി ഗണിതപഠനം കുട്ടികളിൽ കൂടുതൽ രസകരവും ആസ്വാദ്യമാക്കാനും പുതിയ പഠനരീതി സഹായിക്കുമെന്ന് പദ്ധതി വിശദീകരിച്ച് എസ്.എസ്.കെ സ്റ്റേറ്റ് കൺസൾട്ടന്റ് ഡോ.ടി.പി.കലാധരൻ പറഞ്ഞു. നാലുകോടിയിലധികം രൂപയാണ് ഈപദ്ധതി നടത്തിപ്പിനായി സംസ്ഥാനത്ത് ചെലവഴിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി ഒന്നാംക്ലാസിലെ കുട്ടികൾക്കായി ഗണിതകിറ്റുകൾ സ്‌കൂളുകളിൽ എത്തിച്ചുകൊടുത്തു. അദ്ധ്യാപക പരിശീലനവും പൂർത്തിയായി. പദ്ധതി മുതിർന്ന ക്ലാസുകളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനതലത്തിൽ ഇതിന്റെ തയ്യാറെടുപ്പുകൾ നടന്നുവരുന്നു. ജില്ലാതല ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസർ സിന്ധു പി.എ, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സുരേഷ്‌കുമാർ എ.കെ, വിദ്യാഭ്യാസ ഉപഡയറക്ടർ ശാന്തമ്മ പി.എ, ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ, ഡയറ്റ് പ്രിൻസിപ്പൽ ലാലിക്കുട്ടി.പി, ജില്ലാ പ്രോഗ്രാം ഓഫീസർ ജയലക്ഷ്മി എ.പി, വെണ്ണിക്കുളം ബി.പി.ഒ പ്രകാശ് എ.കെ, ട്രെയിനർ അഭിലാഷ് ടി.എസ്, പഞ്ചായത്തംഗങ്ങളായ അനിൽ പൈക്കര, തോമസ് ജേക്കബ്, ബ്ലോക്ക് മെമ്പർ ജോൺസൺ മാത്യു, എ.ഇ.ഒ അബ്ദുൾ റസാക്ക്, പ്രഥമാധ്യാപിക സിന്ധു എലിസബേത്ത് ബാബു എന്നിവർ പ്രസംഗിച്ചു.