1
കുഞ്ഞുങ്ങൾ അംഗൻവാഡിയിലേക്ക് കയറുന്ന പടികെട്ടുകളിലൂടെ വെള്ളമൊഴുകിയെത്തുന്നു. കോലമല അംഗൻവാഡി.

പള്ളിക്കൽ : കുരുന്നുകളോട് യാതൊരു കരുണയുമില്ലാത കരാറുകാർ. ഫണ്ട് അനുവദിച്ച് കരാർ കൈമാറിയിട്ടും പണി നടത്താതെ ഉഴപ്പുകയാണ് ഈക്കൂട്ടർ.പള്ളിക്കൽ പഞ്ചായത്തിലെ 17-ാം വാർഡിലെ 85 ാം അംഗൻവാടി, 15-ാം വാർഡിലെ കോലമല അംഗൻവാടി എന്നിവയാണ് അറ്റകുറ്റപണിക്ക് ഫണ്ടനുവദിച്ചിട്ടും കരാറുകാരന്റെ ഉദാസീനതമൂലം ദുരിതം പേറുന്നത്. പുനരുദ്ധാരണത്തിന്റെ ഭാഗമായി കോലമല അംഗൻവാടിയുടെ മുറ്റത്തേക്ക് ഷീറ്റിറക്കി മുറ്റം കോൺക്രീറ്റ് ചെയ്തിരുന്നു.

മഴവെള്ളം അംഗൻ വാടിയിലേക്ക്

നിർമ്മാണത്തിലെ പോരായ്മകാരണം മഴയായതോടെ വെള്ളം മുറ്റത്തുകൂടി ഒഴുകി അംഗൻവാടിയിലേക്ക് കയറുന്ന സ്റ്റെപ്പിലൂടെയാണ് റോഡിലേക്കോഴുകുന്നത്. മുറ്റവും സ്റ്റെപ്പും പായൽപിടിച്ച് കുഞ്ഞുങ്ങൾ തെന്നിവീഴുന്നത് പതിവായിരിക്കുകയാണ്.അടുക്കളയുടെ കതക് ദ്രവിച്ച് ഉളകി പോകാറായ നിലയിലാണ്. ഭാരമുള്ളവസ്തുക്കൾ എടുത്ത് വെച്ചാണ് ടീച്ചർമാർ അടുക്കളസംരക്ഷിക്കുന്നത്. സ്റ്റോർ റൂമിലും അറ്റകുറ്റപണികൾ ഉണ്ട്.

ഒന്നര ലക്ഷം അനുവദിച്ചു

കെട്ടിടം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ശേഷിക്കുന്ന അറ്റകുറ്റപണികൾ ചെയ്യുന്നതിന് ഒന്നരലക്ഷം രൂപ അനുവദിച്ച് കരാറും നൽകി. ഇതുവരെയും കരാറുകാരൻ പണി നടത്തിയിട്ടില്ല. 17-ാം വാർഡിലെ മുളമുക്ക് അംഗൻവാടിയുടെയും സ്ഥിതി ഇതുതന്നെയാണ് മുറ്റത്തേക്ക് ഷീറ്റിറക്കി ടൈൽപാകി ഗ്രില്ലിട്ട് സംരക്ഷിച്ചതാണ്. ഇപ്പോൾ ചോർന്നൊലിക്കുകയാണ്. കുട്ടികൾക്ക് മഴയായാൽ ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല. സ്റോർ റൂംമായി പ്രവർത്തിക്കുന്ന ഒാടിട്ടകെട്ടിടവും ചോർന്നൊലിക്കുന്നുണ്ട്. ഇവിടെയും ഒന്നരലക്ഷം രൂപ അനുവദിച്ചിട്ട് ഒരുവർഷമായി. കരാറുകാരൻ പണിനടത്തുന്നില്ലന്നതാണ് അധികൃതർ പറയുന്നത്. ആറാം വാർഡിലെ അംഗൻവാടിയുടെയും ചോർച്ചപരിഹരിക്കാനാണ് ഫണ്ടനുവദിച്ചത്. ഒരുവർഷമായി നരകയാതന അനുഭവിക്കുകയായിരുന്നു കുട്ടികൾ. ഇവിടെ നിർമ്മാണം തുടങ്ങിയിട്ട് രണ്ട് ദിവസമായതേയുള്ളു.

മുളമുക്ക് തെക്ക് അംഗൻവാടിയുടെ മുകളിൽ മരംവീണതിനെതുടർന്ന് അയൽവീട്ടിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇവിടെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അംഗൻവാടി നിർമ്മിക്കുന്നതിന് തീരുമാനമായി

ജോളി

(വാർഡ് മെമ്പർ)

ഫണ്ട് അനുവദിച്ച അംഗൻ വാടികൾ

-17-ാം വാർഡിലെ 85 ാം അംഗൻവാടി,

15-ാം വാർഡിലെ കോലമല അംഗൻവാടി