അടൂർ: കുടുംബശ്രീയെ തകർത്ത് ജനശ്രീയെ കൊണ്ടുവരാനുള്ള നീക്കത്തിലും ലൈഫ് പദ്ധതിക്കായി സർക്കാർ അനുവദിച്ച മൂന്നേമുക്കാൽ കോടിരൂപ ലാപ്സാക്കി വീട് ലഭിച്ചവരെ വഴിയാധാരമാക്കിയെന്നാരോപിച്ചും എൽ. ഡി. എഫ് നേതൃത്വത്തിൽ ഇന്നലെ ഏറത്ത് പഞ്ചായത്ത് ഒാഫീസിലേക്ക് മാർച്ചും ഉപരോധ സമരവും നടത്തി. മാർച്ച് പഞ്ചായത്ത് മതിൽ കെട്ടിന് പുറത്തുവച്ച് പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പൊലീസുകാരെ തള്ളിമാറ്റി പഞ്ചായത്തോഫീസ് വളപ്പിലേക്ക് തള്ളിക്കയറി പ്രവർത്തകർ നിലയുറപ്പിച്ചു.തുടർന്ന് നടന്ന പ്രതിഷേധയോഗം സി.പി.എം അടൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. അടുത്തിടെ പഞ്ചായത്ത് ഒാഫീസിൽ നിന്നും മാറ്റിയ കുടുംബശ്രീ ഒാഫീസ് സമരത്തിൽ പങ്കെടുത്ത കുടുംബശ്രീ പ്രവർത്തകർ ചേർന്ന് പഴയസ്ഥലത്ത് പുന:സ്ഥാപിച്ചു. അസൗര്യങ്ങളുടെ പേരുപറഞ്ഞാണ് മൂന്ന് മാസം മുൻപ് കമ്മ്യൂണിറ്റി ഹാളിന്റെ മുകളിലത്തെ നിലയിലേക്ക് മാറ്റിയത്. കുടുംബശ്രീ ഓഫീസിലെ പ്രിന്റർ, മേശ, കസേരകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും ചുമന്നാണ് പഴയ ഒാഫീസ് പ്രവർത്തിച്ച മുറിയിലേക്ക് മാറ്റിയത്. എസ് .ഐ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കേയാണ് എൽ.ഡി.എഫ് പ്രവർത്തകരുടെ ഇൗ പ്രതിഷേധവും.പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാജേഷ് അദ്ധ്യക്ഷനായിരുന്നു.ടി.ഡി. സജി, എൻ.ആർ.ഇ.ജി വർക്കേഴ് സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം റോയി ഫിലിപ്പ്, അഡ്വ.ആർ. ജയൻ,കവിരാജ്, കെ.പ്രസന്നൻ, ഡി.ജയകുമാർ, സുധാകരൻ, പ്രസന്ന വിജയകുമാർ, സരസ്വതി, വിജയൻ, ബി.നിസാം,റിജോ എന്നിവർ പ്രസംഗിച്ചു.