തിരുവല്ല : മദപ്പാടിനെ തുടർന്ന് തളച്ച ആനയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. പൊടിയാടി ചാപ്പുഴയിൽ ബിജുവിന്റെ ഭാര്യ ശോഭ(45)യുടെ മുഖത്താണ് സാരമായി പരിക്കേറ്റത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ശ്രീവല്ലഭ ക്ഷേത്രത്തിലെ ജയരാജൻ എന്ന ആനയുടെ ഏറ് കൊണ്ടാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതിന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലായിരുന്നു സംഭവം. ക്ഷേത്ര ദർശനത്തിനെത്തിയ ശോഭ പ്രദക്ഷിണ വഴിയിലൂടെ പോകവേ തീറ്റയായി നൽകിയ തെങ്ങോലയുടെ മടൽ ആന യുവതിക്ക് നേരെ എറിയുകയായിരുന്നു. ഏറുകൊണ്ട യുവതി അരമണിക്കൂറോളം ക്ഷേത്ര വളപ്പിനുള്ളിൽ ബോധരഹിതയായി കിടന്നു. വിവരമറിഞ്ഞെത്തിയ ഭർത്താവ് ബിജു ദർശനത്തിനെത്തിയവരുടെ സഹായത്തോടെ ശോഭയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. താടിയെല്ലിനേറ്റ ഗുരുതര പരിക്കിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ശോഭയെ വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജയരാജന്റെ ആക്രമണത്തിൽ മുമ്പും നിരവധി പേർക്ക് നിസാര പരിക്കുകൾ ഏറ്റിട്ടുണ്ട്. ആനയുടെ പരിചരണത്തിൽ ദേവസ്വം കാട്ടുന്ന അലംഭാവമാണ് ജയരാജന്റെ കാലാവധിക്കപ്പുറമുള്ള മദപ്പാടിനും ആക്രമണോത്സുകതയ്ക്കും കാരണമെന്നാണ് ആന പ്രേമികളുടെ പരാതി.