കടമ്പനാട് : ബസ് യാത്രാ സൗകര്യത്തിന്റെ കാര്യത്തിൽ രണ്ട് പതിറ്റാണ്ടു പിന്നിലേക്ക് പോകുകയാണ് അടൂരിന്റെ ഗ്രാമീണമേഖല. നിറുത്തലാക്കിയ സർവ്വീസുകൾക്ക് പകരം സംവിധാനമില്ലാത്തത് യാത്രാക്ലേശം അതിരൂക്ഷമാക്കി. ജനപ്രതിനിധികൾക്ക് ജനങ്ങളുടെ യാത്രാബുദ്ധിമുട്ട് അറിഞ്ഞഭാവമില്ല. 1970ൽ അതായത് അമ്പത് വർഷം മുൻപ് കൊല്ലം, കൊട്ടാരക്കര,പുനലൂർ, കായംകുളം, അടൂർ എന്നിവിടങ്ങളിൽ നിന്നായി കെ.എസ്.ആർ.ടി.സി യുടെ ഒാരോ ഷെഡ്യൂളുകളും രണ്ടും മൂന്നും സർവ്വീസുകളും ഉണ്ടായിരുന്നു തെങ്ങമത്തേക്ക്. എന്നാൽ ഇന്ന് അടൂരിൽ നിന്നുള്ള ഏതാനും സർവ്വീസുകൾ മാത്രമായി ചുരുങ്ങി. സമീപകാലത്തായി അടൂർ ഡിപ്പോയിൽ നിന്ന് ഗ്രാമീണമേഖലയിലേക്കുള്ള പതിനഞ്ചോളം ഷെഡ്യൂളൂകളാണ് നിറുത്തലാക്കിയപ്പോൾ മുടക്കം വന്നത് അൻപതിലധികം സർവ്വീസുകൾക്കാണ്. രാവിലെ 6.10ന് ഞാങ്കടവിന് പൊയ്കൊണ്ടിരുന്ന ഷെഡ്യൂൾ ഒരു ദിവസം പതിനാറ് സർവ്വീസുകളാണ് നടത്തിയിരുന്നത്. ഒാരോ സർവ്വീസിന്റെയും തലക്കൽ സ്വകാര്യബസിന് പെർമിറ്റ് നൽകിയതിനാൽ ട്രാൻ.സർവീസ് നഷ്ടത്തിലായി. ഇത് സർവ്വീസുകൾ നിറുത്താനുള്ള കാരണവുമായി.
അടൂരിൽ നിന്ന് കൊടുമൺ - ചന്ദനപള്ളി - കൈപ്പട്ടൂർ വഴി പത്തനംതിട്ടക്ക് ആരംഭിച്ച ചെയിൻസർവ്വീസ് വലിയ നഷ്ടത്തിലാണ്. ഇത് പിൻവലിച്ച് യാത്രാക്ലേശം രൂക്ഷമായസ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. പള്ളിക്കൽ പെരിങ്ങനാട് - പഞ്ചായത്തിൽ പാറക്കൂട്ടം റൂട്ടിലാണ് കൂടുതൽ യാത്രാബുദ്ധിമുട്ടുള്ളത് . തോട്ടുവാ, ചെറുകുന്നം ,കൈതക്കൽ പള്ളിക്കൽ പടിഞ്ഞാറ് ഭാഗം, ഇളംപള്ളിൽ പ്രദേശങ്ങൾ ബസ് സർവ്വീസുകൾ ഇല്ലാതെ ഒറ്റപ്പെട്ടനിലയിലാണ്. നാല് കിലോമീറ്ററോളം നടന്ന് തെങ്ങമത്തോ മറ്റ് സ്ഥലങ്ങളിലോ പോയിവേണം ബസ് കയറാൻ. മണക്കാല - മാഞ്ഞാലി തുവയൂർ, ചൂരക്കോട് - മണ്ണടി , തേക്കുതോട് , കൈതപറമ്പ് , തുടങ്ങിയ മേഖലകളിലെല്ലാം യാത്രാക്ലേശം അതിരൂക്ഷമാണ് .
അടൂരിൽ നിറുത്തിയ ഗ്രാമീണ ഷെഡ്യൂളുകൾ
അടൂർ - ഞാങ്കടവ്, അടൂർ - തേപ്പുപാറ, ഏഴംകുളം പ്ലാന്റേഷൻ - തേപ്പുപാറ, അടൂർ - പെരിങ്ങനാട് - മലനടവഴി കൊല്ലം, കടമ്പനാട് - ഞാങ്കടവ് , തെങ്ങമം വഴി ശാസ്താംകോട്ട, കൈതപറമ്പ് വഴി പുനലൂർ, തെറ്റിമുറി വഴി പുനലൂർ, ചിരണിക്കൽ - പറക്കോട്, അടൂർ - പഴകുളം - തെങ്ങമം - നെല്ലിമുകൾ വഴി അടൂർ സർക്കുലർ, മണ്ണടി - കടമ്പനാട് സർക്കുലർ.