തിരുവല്ല: ചാത്തങ്കരിയിൽ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. 1200 ഗ്രാം കഞ്ചാവും ആറ് വടിവാളും പിടിച്ചെടുത്തു. നിരവധി കേസുകളിൽ പ്രതിയായ തിരുവല്ല കുറ്റപ്പുഴ പന്തിരുകാലായിൽ സജിത്ത് (21), കുന്നന്താനം അമ്പലപ്പറമ്പിൽ വീട്ടിൽ അജിത് (19) എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങര ചാത്തങ്കരിയിൽ വയലിന് നടുവിലുള്ള വീട് കാൾ ടാക്സി നടത്തുന്നെന്ന വ്യാജേനയാണ് ഇവർ വാടകയ്ക്കെടുത്തത്. തമിഴ് നാട്ടിൽ നിന്ന് കഞ്ചാവ് ഇവിടെ എത്തിച്ച് ചില്ലറയാക്കി പായ്ക്ക് ചെയ്ത് ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തിരുന്നു. നിരവധി വാഹനങ്ങൾ ഇൗ വീട്ടിൽ ദിവസവും വന്നുപോകുന്നതിൽ സംശയം തോന്നിയ നാട്ടുകാരാണ് വിവരം എക്സൈസിനെ അറിയിച്ചത്. തുടർന്ന് ഇന്നലെ റെയ്‌ഡ് നടത്തി പിടികൂടുകയായിരുന്നു.
സുജുകുമാർ എന്നയാളിന്റെ ബൈക്ക് പിടിച്ചെടുത്തു.ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല. കുറ്റപ്പുഴ സ്വദേശി ശിവകൃഷ്ണൻ, സുജുകുമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.എക്‌സൈസ് ഇൻസ്‌പെക്ടർ എ. സെബാസ്റ്റ്യൻ, പ്രീവന്റിവ് ഓഫീസർമാരായ സുശീൽ കുമാർ, എം കെ വേണുഗോപാൽ, സി.ഇ.ഒ അനു പ്രസാദ് എസ്, ഡ്രൈവർ വിജയൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
--------------------
കുരുമുളക് സ്പ്രേ കേസിലും പ്രതികൾ
നഗരത്തിലെ രാമഞ്ചിറയിലെ ഉല്ലാസ് ഹോട്ടലിൽ കുരുമുളക് സ്പ്രേ അടിച്ചകേസിൽ സജിത്തും കൊയിലാണ്ടി രാഹുലും പ്രതികളാണ്. തിരുവല്ലയിൽ കഞ്ചാവ് വൻതോതിൽ എത്തിച്ച് കച്ചവടം നടത്തുന്ന കൊയിലാണ്ടി സ്വദേശി രാഹുലിനെക്കുറിച്ച് എക്‌സൈസ് അന്വേഷണം നടത്തുന്നതിനിടെ ഇയാൾ ഇവിടെയും വന്നുപോയിരുന്നതായി സൂചന ലഭിച്ചിരുന്നു. പൊലീസുകാരനെ കുരുമുളക് സ്പ്രേ അടിച്ച കേസിൽ ഇയാൾ റിമാൻഡിലാണ്. രാഹുലിനെ ജാമ്യത്തിൽ ഇറക്കാനുള്ള പണം കണ്ടെത്താൻ കഞ്ചാവ് പായ്ക്കറ്റിലാക്കുമ്പോഴാണ് ഇവർ പിടിയിലായത്.