konni-medi-college
കോന്നി മെഡിക്കൽ കോളേജ്

കോന്നി: ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ കോന്നി ഗവ: മെഡിക്കൽ കോളേജിന്റെ പണികൾ വിലയിരുത്താൻ 27ന് എത്തും. കഴിഞ്ഞ യു.ഡി. എഫ് സർക്കാരിന്റെ കാലത്ത് അടൂർ പ്രകാശ് ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് കോന്നി , ഇടുക്കി, മലപ്പുറം, കാസർകോട് മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ തീരുമാനമെടുത്തത്. കോന്നിയിലെ മെഡിക്കൽ കോളേജിന്റെ ഒന്നാംഘട്ട പണികൾ അവസാന ഘട്ടത്തിലാണ്. ആശുപത്രി കെട്ടിടത്തിന്റെയും, അക്കാഡമിക് ബ്ലോക്കിന്റെയും, പ്രാധാന റോഡിന്റെയും ശുദ്ധജല വിതരണ പദ്ധതിയുടേയും പണികളാണ് പ്രധാനമായും നടക്കുന്നത്. ആധുനീക നിലവാരത്തിലുള്ള മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തമാരംഭിക്കാമെന്നിരിക്കെ സർക്കാർ മനപൂർവം വൈകിക്കുകയാണന്ന് അടൂർ പ്രകാശ് എം.പി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. 95ശതമാനം പണികൾ പൂർത്തിയാക്കിയ 300 കിടക്കകളുള്ള ആശുപത്രി കെട്ടിടവും , 90ശതമാനം പണികൾ പൂർത്തിയാക്കിയ കോളേജ് കെട്ടിടവും മന്ത്രി സന്ദർശിക്കണമെന്ന് അടൂർ പ്രകാശ് പലതവണ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയുടേയും, മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെയും പണികൾ പൂർത്തിയാക്കി ഒ.പി. പ്രവർത്തനമാരംഭിച്ചാൽ മാത്രമേ മെഡിക്കൽ കോളേജിനുള്ള അപേക്ഷ നൽകാൻ കഴിയൂ. കരാറുകാർക്ക് ബിൽ മാറികിട്ടാനുള്ള കാലതാമസവും, മഴയും മൂലം പണികളിൽ ഇടയ്ക്ക് കാലതാമസം നേരിട്ടിരുന്നു. ഇതു വരെ നടത്തിയ പണികളുടെ ബിൽ നൽകുന്നതടക്കം സർക്കാർ ഇടപെടൽ ഉണ്ടായാൽ മാത്രമേ സമയബന്ധിതമായി പണികൾ പൂർത്തിയാക്കി ആശുപത്രി പ്രവർത്തനമാരംഭിക്കാൻ കഴിയൂ. 27ന് തണ്ണിത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.