മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിച്ചു. വിവിധ സ്ഥലങ്ങളിൽ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശോഭായാത്രകൾ വർണശബളമായിരുന്നു. സ്ത്രീകളും കുട്ടികളും ഏറെ അണിനിരന്ന ശോഭായാത്രകൾ വാദ്യമേളങ്ങളുടെയും, നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെയാണ് നടന്നത്. മഞ്ഞപ്പട്ട് ചുറ്റി, മയിൽപീലിയും ഓടക്കുഴലുമേന്തി നിരവധി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും എല്ലാ ശോഭായാത്രകളിലും നിരന്നിരുന്നു. നിരത്തിലൂടെ നീങ്ങിയ പ്രത്യേകം തയാറാക്കിയ ദൃശ്യങ്ങളിൽ കുരുന്നുകളുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. മല്ലപ്പള്ളി ടൗണിലൂടെ തേരുതെളിച്ചുവരുന്ന കൃഷ്ണൻ കാണികൾക്ക് ആവേശമായി. പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്‌സിന് സമീപത്ത് സംഘടിപ്പിച്ച ഉറിയടി ഭക്തരെ ആഹ്‌ളാദ ഭരിതരാക്കി. വൈകിട്ട് 3.30ന് വിവിധ സ്ഥലങ്ങളിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ ടൗണിൽ സംഘടിച്ച് മഹാശോഭായാത്രയായി തിരുമാലിട മഹാദേവക്ഷേത്രത്തിൽ സമാപിച്ചു.