തിരുവല്ല: സിംഗപ്പൂരിലെ എയർപോർട്ടിലും വിവിധ ആശുപത്രികളിലും ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിലായി. ചെങ്ങന്നൂർ വെണ്മണി നടുവിലെ തെക്കേതിൽ രാജേഷ് രാജൻ ആചാരി (37) ആണ് അറസ്റ്റിലായത്. ആളുകളെ ആവശ്യമുണ്ടെന്ന് ഓൺലൈൻ വഴിയാണ് പരസ്യം ചെയ്തിരുന്നത്. ഒമേഗ ജോബ്സ് ഫോർ യു ചെന്നൈ എന്ന മേൽവിലാസത്തിലായിരുന്ന പരസ്യം.. ബയോഡാറ്റ ലഭിക്കുന്നതോടെ ആളുകളെ തിരുവല്ലയിലേക്ക് ഫോണിൽ വിളിച്ചുവരുത്തി കരാർ ഉണ്ടാക്കിയാണ് പണമിടപാടുകൾ നടത്തിയിരുന്നത്. കരുനാഗപ്പള്ളിയിലുള്ള യുവാവിന്റെ 35000 രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇതറിഞ്ഞു കൂടുതൽ പേർ പരാതിയുമായി എത്തി. ചെറുകോൽപ്പുഴയിലുള്ള സഹോദരിമാരിൽ നിന്ന് നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ വാങ്ങിയതായി ഇയാൾ സമ്മതിച്ചു. ആറന്മുള സ്വദേശിനിയും 30000 രൂപ നൽകി ഇയാളുടെ തട്ടിപ്പിനിരയായി. ഏകദേശം ഇരുന്നൂറോളം ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.ഐ പി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജിബു ജോൺ, ശ്യാം ബി.സലിം, എ.എസ്.ഐ മാരായ സന്തോഷ്‌കുമാർ, ബാബു, എസ്.സി.പി.ഒ മനോജ്‌കുമാർ, രവിചന്ദ്രൻ, സി.പി.ഒ മാരായ അനീഷ്, മനോജ്‌കുമാർ, ശരത് ചന്ദ്രൻ, സജിത്ത് രാജ്, അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.