ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ സമൂഹത്തിനും സഭയ്ക്കും നൽകിയ സംഭാവനകൾ മഹത്തരമാണെന്ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ പറഞ്ഞു. മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസന സഹായമെത്രാപ്പൊലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. സമൂഹത്തിൽ സഹിഷ്ണുത സൃഷ്ടിക്കുവാൻ മതങ്ങൾ തമ്മിൽ ആരോഗ്യകരമായ സംവാദം ഉണ്ടാകണമെന്ന് ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. വൈ.എം.സി.എ.ദേശീയ പ്രസിഡന്റ് ജസ്റ്റീസ് ബഞ്ചമിൻ കോശി ജീവിതരേഖ അവതരിപ്പിച്ചു. വിദ്യാഭ്യാസ കാർഷിക മേഖലയിലെ സംഭാവനകൾ പരിഗണിച്ച് മാർ അത്താനാസിയോസ് സ്മാരക പ്രഥമ അവാർഡ് കുര്യാക്കോസ് മാർ ക്ലീമിസിന് നൽകി. സ്മരണാജ്ഞലി പ്രത്യേക പതിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രകാശനം ചെയ്തു. മാർത്തോമ്മാ സഭ ചെങ്ങന്നൂർമാവേലിക്കര ഭദ്രാസന മെത്രാപ്പൊലീത്താ റവ. തോമസ് മാർ തീമോത്തിയോസ് എപ്പിസ്‌കോപ്പാ, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, എം.എൽ.എമാരായ സജി ചെറിയാൻ, വീണാ ജോർജ്, ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ, ഫാ.മാത്യു വർഗീസ് പുളിമൂട്ടിൽ, ഫാ.ഡോ.നൈനാൻ വി.ജോർജ് എന്നിവർ പ്രസംഗിച്ചു. 24ന് ന് രാവിലെ 7ന് നടക്കുന്ന കുർബാനയ്ക്ക് കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, നേർച്ചവിളമ്പ് എന്നിവ നടക്കും