കൊടുമൺ : കൊടുമൺ പഞ്ചായത്തിലെ ചക്കാലമുക്ക് – മണിമലമുക്ക് റോഡ് തകർന്നിട്ട് നാളുകളായിട്ടും അധികൃതർക്ക് യാതൊരു അനക്കവുമില്ല. കത്തോലിക്കാ പള്ളിക്കു സമീപം, പുത്തൻ കാവിൽ ക്ഷേത്രത്തിനു മുൻഭാഗം, ശക്തിഭദ്ര കേന്ദ്രത്തിനു മുൻവശം, ചിലന്തി അമ്പലത്തിനു സമീപം എന്നിവിടങ്ങളിലൂടെ വാഹനങ്ങൾക്കോ കാൽനട യാത്രക്കാരക്കോ യാത്ര ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. പിഡബ്ല്യുഡി അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുക മാത്രമാണ് ഇവിടെ ചെയ്തത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഈ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാത്ത നടപടിയിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. പൊതുമരാമത്ത് മന്ത്രിക്ക് പരാതി സമർപ്പിച്ചതാണ് പ്രദേശവാസികളുടെ ആകെ പ്രതീക്ഷ. പരാതികൾ വ്യാപകമായതോടെയാണ് പിഡബ്ല്യുഡി ഇവിടെ അപകടം ബോർഡ് സ്ഥാപിച്ചത്. മഴ പെയ്തതോടെ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും റോഡിൽ നിർമ്മാണം മാത്രം നടക്കുന്നില്ല. റോഡ് പണി ഏറ്റെടുക്കാൻ ഇതുവരെയും ആരും തയാറായിട്ടില്ല. കൊടുമൺ കിഴക്ക് പള്ളി മുതൽ അറ്റകുറ്റപ്പണികൾ നടത്തിയത് കുറച്ചെങ്കിലും ആശ്വാസകരമാണ്. എന്നാൽ ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന കൊടുമൺ ജംഗ്ഷൻ മുതൽ ചക്കാലമുക്ക് ഭാഗം വരെ തകർന്നുകിടക്കുകയാണ്. റോഡിന്റെ സംരക്ഷണ ഭിത്തിയും പല ഭാഗത്തും നശിച്ചിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.
ആഴ്ചകൾക്ക് മുമ്പ് നാട്ടുകാർ ചേർന്ന് റോഡിലെ കുഴികൾ മണ്ണ് ഉപയോഗിച്ച് അടച്ചിരുന്നെങ്കിലും ശക്തമായ പെയ്ത മഴയിൽ റോഡ് വീണ്ടും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് റോഡിന്റെ തകർച്ച മാറ്റി സഞ്ചാരയോഗ്യമാക്കിയില്ലങ്കിൽ ജനകീയ സമരങ്ങൾ ആരംഭിക്കും.
അംജിത്കുമാർ
(പ്രദേശവാസി)
-പരാതി പറഞ്ഞ് മടുത്തെന്ന് നാട്ടുകാർ
- നിരവധി വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന റോഡ‌്
- ശക്തമായ മഴയിൽ റോഡിൽ വലിയ കുഴി
-ടെൻഡർ നടപടി പൂർത്തിയായെന്ന് അധികൃതർ