പത്തനംതിട്ട: എല്ലാ വാർഡുകളിലും സാന്ത്വന പരിചരണ വോളണ്ടിയർമാരുടെ സേവനം ഉറപ്പാക്കി 2020 ആഗസ്റ്ര് 15 ന് ജില്ലയെ സമ്പൂർണ പാലിയേറ്റീവ് പരിചരണ ജില്ലയായി മാറ്റുന്നതിനായി പത്തനംതിട്ട റീഹാബിലിറ്രേഷൻ പാലിയേറ്റീവ് കെയർ സെന്റർ (പി.ആർ.പിസി) വിഷൻ 20:20 കാമ്പയിന് തുടക്കമിടുന്നു. പതിനൊന്ന് ജീവ കാരുണ്യ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി.

ജില്ലാ കുടുംബശ്രീ മിഷനും ദേശീയ ആരോഗ്യ ദൗത്യവും (എൻ.എച്ച്.എം) സംയുക്തമായി 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 920 വാർഡുകളിലെ കിടപ്പു രോഗികളെയും വൃദ്ധരെയും ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി പരിചരിക്കും. പരിശീലനം പൂർത്തിയാക്കിയ 2760 വോളണ്ടിയർമാരുടെ സേവനം ഇതിനായി ലഭ്യമാക്കും. രണ്ടാഴ്ചയിലൊരിക്കൽ നഴ്സിന്റെ പരിചരണവും മാസത്തിലൊരിക്കൽ ഡോക്ടറിന്റെ പരിചരണവും ലഭിക്കും. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങളിലേർപ്പെടുന്ന സംഘടനകളെ ഒരു കുടക്കീഴിലാക്കാൻ ഇതിലൂടെ സാധിക്കും. ജില്ലയിലെ എല്ലാ കിടപ്പുരോഗികൾക്കും പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനമാണിത്.


ജില്ലയിലെ കിടപ്പുരോഗികൾ :12435

വയോജനങ്ങൾ : 5990

വാർഡുകൾ: 920

വോളണ്ടിയർമാർ : 2760

മറ്റ് പ്രവർത്തനങ്ങൾ

 തിരുവന്തപുരം ആർ.സി.സിയിലെ ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് കാൻസർ ചികിത്സയും കീമോതെറാപ്പിയും

 കാരക്കോണം മെഡിക്കൽ കോളേജുമായി ബന്ധപ്പെടുത്തി തിമിര ചികിത്സയും ശസ്ത്രക്രീയയും

അടൂർ മദർതെരേസ ഡയാലിസീസ് സെന്ററിൽ ഡയാലിസീസ് സൗകര്യം

 ലീഗൽ സർവീസ് അതോറിട്ടിയുമായി ചേർന്ന് നാട്ടുകൂട്ടം എന്ന പേരിൽ ഫാമിലി കൗൺസലിംഗ്

സർക്കാരിന്റെ വയോമിത്രം പദ്ധതിയുമായി ബന്ധപ്പെടുത്തി വയോജനങ്ങൾക്ക് ഉച്ചഭക്ഷണം.

11 സന്നദ്ധ സംഘടനകൾ

1).അടൂർ മദർതെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റി, 2).റാന്നി മാർക്രിസോസ്റ്രം പാലിയേറ്റീവ് കെയർ, 3).പെരുന്നാട് സുകർമ ഹെൽത്ത് ഫൗണ്ടേഷൻ, 4).കൊടുമൺ ജനനി ചാരിറ്റബിൾ സൊസൈറ്രി, 5).കോഴഞ്ചേരി തണൽ പാലിയേറ്റീവ് കെയർ, 6). ഇരവിപേരൂർ കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ, 7).തിരുവല്ല പി.കെ.പി.സി.എസ്, 8).കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി , 9).മല്ലപ്പള്ളി എ.കെ.ജി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, 10).പത്തനംതിട്ട എം.കെ.ജി ഹെൽത്ത് ഫൗണ്ടേഷൻ, 11).പന്തളം ഇ.കെ നായനാർ പാലിയേറ്റീവ് കെയർ.

"ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനം ആണിത്. ആദ്യം സ്വീകാര്യമായില്ലെങ്കിലും മുമ്പോട്ട് പോകുമ്പോൾ കൂടുതൽ ജനകീയമാകുമെന്നുറപ്പാണ്. വാർഡുകളിൽ സന്ദർശനം നടത്തിയപ്പോൾ പുഴുവരിച്ച നിലയിലുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. പ്രായമായവരെ സംരക്ഷിക്കണം. എല്ലാ ആഴ്ചയും വോളണ്ടിയർമാർ സന്ദർശനം നടത്തുമ്പോൾ തന്നെ മാറ്റമുണ്ടാകും. "

എസ്. ഷാജഹാൻ

(പി.ആർ.പി.സി ട്രഷറർ)