തിരുവല്ല: ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ നഗരസഭയിൽ മാലിന്യശേഖരണം തുടങ്ങി. മാസത്തിൽ രണ്ടുദിവസം പത്തു കേന്ദ്രങ്ങളിൽ നിന്നായി മാലിന്യം ശേഖരിച്ചിരുന്ന രീതി നിറുത്തലാക്കിയതിനെ തുടർന്നാണ് ഇപ്പോൾ ഹരിതകർമ്മസേന അജൈവ മാലിന്യശേഖരണം തുടങ്ങിയത്. കാവുംഭാഗം,അഴിയിടത്തുചിറ,മാർക്കറ്റിനു സമീപം, കുട്ടികളുടെ പാർക്കിനുസമീപം,ജെ.പി നഗർ,കുറ്റപ്പുഴ,മുത്തൂർ,മഞ്ഞാടി മാർക്കറ്റ്,കറ്റോട് ജംക്‌ഷൻ,തുകലശേരി എന്നിവിടങ്ങളിൽ മുമ്പുണ്ടായിരുന്ന മാലിന്യ ശേഖരണമാണ് നിറുത്തലാക്കിയത്. ഹരിതകർമസേനയുടെയും ഹരിതസഹായ സംഘത്തിന്റെയും നേതൃത്വത്തിൽ നഗരസഭയിലെ എല്ലാവീടുകളിൽ നിന്നും നേരിട്ട് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം എല്ലാവാർഡുകളിലും തുടങ്ങിയിട്ടുണ്ട്.
1000രൂപ പാരിതോഷികം-മികച്ച പ്രതീകരണം
പൊതുസ്ഥലങ്ങളിൽ മാലിന്യംതള്ളുന്നത് കണ്ടെത്തി വ്യക്തമായ തെളിവുകളോടെ നഗരസഭയെ അറിയിച്ചാൽ 1000രൂപ പാരിതോഷികം നൽകുമെന്ന അറിയിപ്പിനു നല്ല പ്രതികരണമാണ് ലഭിച്ചതെന്നു നഗരസഭാദ്ധ്യക്ഷൻ ചെറിയാൻ പോളച്ചിറയ്ക്കൽ പറഞ്ഞു.
നഗരസഭയിലെ മാലിന്യ ശേഖരണത്തിന് വിളിക്കാം ഫോൺ: 9496002423
ശിക്ഷ ഉറപ്പ്
പകർച്ചവ്യാധി വ്യാപനത്തിന് ഇടയാകുംവിധമോ അശ്രദ്ധയോടെയോ ഉള്ള പ്രവർത്തികൾക്ക് ആറുമാസംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം. ഐ.പി.സി 269 നിയമപ്രകാരം സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന് നടപടി സ്വീകരിക്കാം. വ്യക്തികൾ, സംഘടനകൾ, റസിഡന്റ് അസോസിയേഷനുകൾ തുടങ്ങിയവർക്ക് നേരിട്ടോ തദ്ദേശഭരണസ്ഥാപന സെക്രട്ടറി മുഖേനയോ പരാതിപ്പെടാം. ഉദ്യോഗസ്ഥർ മുഖേനയോ നേരിട്ടോ പൊതുജനങ്ങളിൽ നിന്നുലഭിക്കുന്ന പരാതികൾ പഞ്ചായത്ത്/നഗരസഭ സെക്രട്ടറി പൊലീസിന് കൈമാറേണ്ടതാണ്. ഖരമാലിന്യങ്ങൾ വലിച്ചെറിയുകയോ കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യുന്നത് പരിസ്ഥിതി(സംരക്ഷണം)നിയമം 1986വകുപ്പ് 15പ്രകാരം ശിക്ഷാർഹമാണ്. നൂറുപേരിൽ കൂടുതൽ ഒത്തുചേരുന്ന സ്ഥലങ്ങളിൽ ഉണ്ടാകുന്ന ഖരമാലിന്യങ്ങൾ ശരിയായി തരംതിരിച്ച് നിർമാർജ്ജനം ചെയ്യാതിരുന്നാൽ ഖരമാലിന്യ പരിപാലന ചട്ടങ്ങളിലെ ചട്ടം 4(4) പരിസ്ഥിതി(സംരക്ഷണ)നിയമം വകുപ്പ് 15 പ്രകാരം ശിക്ഷാർഹമാണ്.
പൊതുസ്ഥലങ്ങളിൽ മാലിന്യംതള്ളി പിടിക്കപ്പെട്ടാൽ ഇനി പൊലീസ് കേസെടുക്കും. കേരള മുനിസിപ്പൽ ആക്ട് ഐ.പി.സി സെക്‌ഷൻ 269, കൂടാതെ ഖരമാലിന്യ പരിപാലനചട്ടം 4(2), പരിസ്ഥിതി(സംരക്ഷണം) നിയമം 1986വകുപ്പ് 15 എന്നിവ പ്രകാരം അഞ്ചുവർഷംവരെ നീളാവുന്ന തടവോ ഒരുലക്ഷംരൂപ വരെ പിഴയോ ലഭിക്കും.
എസ്.ബിജു
(നഗരസഭാ സെക്രട്ടറി)