vettipram
വെട്ടിപ്രം എൽ.പി സ്കൂളിലെ സംരക്ഷണ ഭിത്തി നിർമ്മാണം

പത്തനംതിട്ട : വെട്ടിപ്രം ഗവ.എൽ.പിസ്കൂളിലെ സംരക്ഷണ ഭിത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി നഗരസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. 2018-2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇൗ വർഷം ജൂണിലാണ് സംരക്ഷണ ഭിത്തി നിർമ്മാണം ആരംഭിച്ചത്. പണി 50 ശതമാനം പോലും പൂർത്തിയാകാത്തതിനാലാണ് നോട്ടീസ് നൽകിയത്. നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത് കുട്ടികൾക്ക് ഭീഷണി ആവുകയാണ്. മഴ പെയ്താൽ മുട്ടറ്റം വെള്ളക്കെട്ട് രൂപപ്പെടും. കുട്ടികൾ ഇവിടെ തെന്നി വീഴുന്നതും പതിവാണ്. ഇതറിഞ്ഞ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ടി.സക്കീർ ഹുസൈൻ സ്ഥലം സന്ദർശിച്ചിരുന്നു.

ഇവിടെ 210 കുട്ടികളും 13 ജീവനക്കാരുമുണ്ട്. സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തതിന്റെ കാരണവും പൂർത്തീകരണ റിപ്പോർട്ടും എത്രയും വേഗം സമർപ്പിക്കാൻ നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജു മുഹമ്മദ്, ദീപ എന്നിവരടങ്ങിയതാണ് ചൈൽഡ് വെൽഫയർ കമ്മിറ്റി.