പത്തനംതിട്ട: നഗരത്തിലെ റിംഗ് റോഡിൽ കേരള രജിസ്ട്രേഷൻ ചരക്ക് ലോറി മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ. ജില്ലാ സ്റ്റേഡിയത്തോട് ചേർന്ന് അഴൂർ ഭാഗത്താണ് ലോറി നിറുത്തിയിട്ടിരിക്കുന്നത്. ടാക്സ് അടയ്ക്കാത്തതിനാൽ ലോറി ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. ഒൻപത് മാസത്തെ ടാക്സ് പിഴ ഉൾപ്പെടെ 42000രൂപ അടയ്ക്കാനുണ്ടെന്ന് മോട്ടോർ വെഹിക്കിൾ അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക് നൽകിയിട്ടുണ്ട്. ടാക്സ് അടയ്ക്കാനുളള വിവരം ലോറി ഉടമസ്ഥനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കൊല്ലം രജിസ്ട്രേഷനിലുളള ലോറിയുടെ ഉടമ 2017മുതൽ പത്തനംതിട്ട അഴൂർ സ്വദേശി ശാമുവേൽ ടി.വിൽസൺ എന്നാണ് ആർ.ടി.ഒ രേഖകളിൽ കാണുന്നത്. പഴക്കമില്ലാത്ത 10 വീലുളള ലോറിയിലേക്ക് പാഴ് വളളികൾ പടർന്നു കയറിയിട്ടുണ്ട്.
ലോറി റിംഗ് റോഡിൽ പാർക്ക് ചെയ്തിട്ട് നാലുമാസത്തോളമായെന്ന് സമീപത്ത് തട്ടുകട നടത്തുന്ന ബിജു പറഞ്ഞു.