പത്തനംതിട്ട: അമ്പതിനടുത്ത് സർക്കാർ ഓഫീസുകളും കോടതികളും പ്രവർത്തിക്കുന്ന മിനിസിവിൽ സ്റ്റേഷൻ ശോചനീയാവസ്ഥയിൽ ആയിട്ട് കാലങ്ങളായി. വൃത്തിഹീനമായി കിടക്കുന്ന മിനിസിവിൽ സ്റ്റേഷനിലേക്ക് കാല് കുത്താൻ ജീവനക്കാർക്കും ജനങ്ങൾക്കും പേടിയാണ്. പൈപ്പുകൾ പൊട്ടി മലിനജലം ഭിത്തികളിൽ കൂടി ഒഴുകുന്നു. കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർന്ന് തുടങ്ങി. കോൺക്രീറ്റ് പാളികൾ അടർന്ന് വീഴുന്നത് പതിവാണ്. ഏറ്റവും താഴത്തെ നിലയിൽ കോഴേഞ്ചരി താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്ത് സീലിംഗിലെ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്ന് വീണുകൊണ്ടിരിക്കുന്നു. മുകൾ നിലകളിലുള്ള ഓഫീസുകളുടെ വരാന്തകളിൽ പഴയ ഫയലുകളും ഉപയോഗ ശൂന്യമായ ഫർണീച്ചറുകളും കൂട്ടിയിട്ടിരിക്കുന്നു. ഇവിടം എലികളുടെയും മറ്റും താവളമാണ്. ചില ഓഫീസുകളുടെ മുന്നിൽ കാലൊടിഞ്ഞ ബഞ്ചുകളും നിശേഷം തകർന്ന കസേരകളും കാണാം. താലൂക്ക് വികസന സമിതിയോഗങ്ങളിൽ നിരന്തരം പരാതി ഉയർന്നാലും ബന്ധപ്പെട്ടവർ അവഗണിക്കുകയാണ് പതിവ്. കെട്ടിടത്തിന്റെ പല ഭാഗത്തും ആൽമരങ്ങൾ വളർന്ന് ഭീഷണി ഉയർത്തി നിൽക്കുകയാണ്. ആൽമരത്തിന്റെ വേരുകൾ ഭിത്തികളിൽ കൂടി താഴ്ന്നിറങ്ങിയ നിലയിലാണ്. താഴത്തെ നിലയിൽ കോടതികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിന്നിലെ മുറ്റം നിറയെ വിവിധ മാലിന്യങ്ങൾ കുന്നുകൂടികിടക്കുന്നു.
ദുർഗന്ധം വമിച്ച് വരാന്തകൾ
അഞ്ച് നിലയുള്ള കെട്ടിടത്തിലെ ടോയ്‌ലറ്റുകൾ മുഴുവൻ തകർച്ചയിലാണ്. ദുർഗന്ധം മൂലം മൂക്കുപൊത്തിയാണ് വിവിധ
ഓഫീസുകളിലെ ജീവനക്കാർ ജോലിചെയ്യുന്നത്. വരാന്തകളിൽ ഒരു നിമിഷംപോലും നിൽക്കാൻ കഴിയാത്ത അവസ്ഥ. ടോയ്‌ലറ്റുകളിലെ പൈപ്പുകൾ പൊട്ടിയൊലിച്ച് ഭിത്തികളിൽ കൂടി താഴേക്ക് ഒഴുകുകയാണ്. ഈ മാലിന്യം താഴെ മദ്ധ്യേ ഭാഗത്തായി തളംകെട്ടിക്കിടക്കുകയാണ്. ഇവിടെയാണ് ഉപയോഗ ശൂന്യമായ വാട്ടർ ടാങ്കുകളും മറ്റ് സാമഗ്രികളും സൂക്ഷിച്ചിരിക്കുന്നത്. മലിനജലം കെട്ടിക്കിടന്ന് കൊതുകുകളും പെരുകുന്നു. ഭിത്തികൾ നനഞ്ഞ് വയറിംഗുകളും നശിച്ച് തുടങ്ങി.
"ഈ കെട്ടിടത്തിൽ ദുർഗന്ധം കാരണം അഞ്ച് മിനിറ്റ് പോലും നിൽക്കാൻ കഴിയില്ല. അഞ്ച് നിലയിൽ എവിടെ പോയാലും ഇത് തന്നെയാണ് സ്ഥിതി. വരാന്തകളിൽ കസേരയും മറ്റ് കാർഡ്ബോർഡുകളും കൂട്ടിയിട്ടിരിക്കുകയാണ്. "
രാജു ശമുവേൽ
(സിവിൽ സ്റ്റേഷനിലെത്തിയ മൈലപ്ര സ്വദേശി)
5 നില കെട്ടിടം
50 ഒാളം ഒാഫീസുകൾ