തിരുവല്ല : കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം കണ്ട് വെട്ടിച്ച പിന്നാലെയെത്തിയ കാർ നിയന്ത്രണംവിട്ട് റോഡരികിലെ വെള്ളക്കെട്ടിൽ വീണു. മുത്തൂർ കാവുംഭാഗം റോഡിൽ മന്നംകരച്ചിറ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 11നായിരുന്നു അപകടം. കാവുംഭാഗത്ത് നിന്നും മുത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്നു മൂന്ന് വാഹനങ്ങളും. ഓട്ടോയ്ക്ക് പിന്നിൽ തൊട്ടുപിന്നാലെയെത്തിയ വാഗൺ ആർ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തല കീഴായി മറിഞ്ഞു. അപകടം കണ്ട് വാഗൺ ആർ കാറിന് പിന്നാലെയെത്തിയ കാർ യാത്രികൻ പെട്ടെന്ന് വാഹനം വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ വെള്ളം നിറഞ്ഞ കുഴിയിലേക്ക് പതിക്കുകയായിരുന്നു. പരിസരവാസികൾ ചേർന്ന് ഉടൻ തന്നെ കാർ യാത്രക്കാരനെ കുഴിയിലകപ്പെട്ട കാറിൽ നിന്നും രക്ഷപെടുത്തി. അപകടത്തിൽപ്പെട്ട മൂന്ന് വാഹനങ്ങളിലെ യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അഞ്ച് മാസം മുമ്പ് രാജ്യാന്തര നിലവാരത്തിൽ പുനർ നിർമ്മിച്ച റോഡിൽ വേഗതാ നിയന്ത്രണ സംവിധാനം ഏർപ്പെടുത്താതാണ് അപകങ്ങൾക്ക് പ്രധാന കാരണം. പുനർനിർമ്മിച്ച ശേഷം വലുതും ചെറുതുമായ പത്തോളം അപകടങ്ങൾ റോഡിൽ ഉണ്ടായതായും നാട്ടുകാർ പറഞ്ഞു.