കോന്നി : മൂന്ന് ജില്ലകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പുതിയ നാലുവരി ദേശീയപാത വരുന്നു. പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളെ ഉൾപ്പെടുത്തി ഭരണിക്കാവ് - മുണ്ടക്കയം എൻ.എച്ച് 183 എ പാതയുടെ അലൈൻമെന്റ് സർവ്വേയാണ് പൂർത്തിയായത്. ഭരണിക്കാവിൽ നിന്ന് തുടങ്ങി കടമ്പനാട്, അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാരക്കളഞ്ഞി, വടശേരിക്കര, പെരുനാട്, ളാഹ, ഇലവുങ്കൽ, കണമല, എരുമേലി വഴി മുണ്ടക്കയത്ത് എത്തുന്ന പാതയുടെ ടെൻഡർ നടപടികൾ ഉടൻ തുടങ്ങും.
സർവ്വേ പൂർത്തിയായി
നിർദ്ദിഷ്ട പാതയിലെ വാഹന തിരക്ക് പഠിയ്ക്കാൻ ഇന്ത്യൻ ഹൈവേ ഇൻസ്റ്റിറ്റ്യൂഷൻ നടത്തിയ സർവ്വേ പൂർത്തിയായി. ദേശീയപാത ഉദ്യോഗസ്ഥർ, അലൈൻമെന്റ് സർവേ നടത്തുന്ന ന്യൂഡൽഹി ആസ്ഥാനമായ എസ്.പി.യു.പി കൺസൾട്ടെന്റ് എന്നിവർ സംയുക്തമായി അലൈൻമെന്റ് നിശ്ചയിച്ചു നൽകി. സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോൾ വീടുകളും കടകളും നഷ്ടപ്പെടുന്നത് പരമാവധി ഒഴിവാക്കും.
7 ബൈപ്പാസുകൾ
ജനവാസ കേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കി ബൈപ്പാസുകൾ നിർമ്മിക്കും.
1. ആനന്ദപ്പള്ളി, 2.ഓമല്ലൂർ, 3.മൈലപ്ര, 4.മണ്ണാരക്കുളഞ്ഞി, 5.വെൺകുറിഞ്ഞി, 6.എരുമേലി, 7. മുണ്ടക്കയം എന്നിവിടങ്ങളിൽ ബൈപ്പാസ് നിർമ്മിക്കും.
പത്തനംതിട്ട ടൗണിൽ പ്രവേശിക്കില്ല.
ദേശീയപാത പത്തനംതിട്ട ടൗണിലൂടെ ആകില്ല. പകരം റിംഗ് റോഡിൽ സ്റ്റേഡിയം, അബാൻ, എസ്.പി ഓഫീസ് ജംഗ്ഷൻ വഴിയാണ് കടന്നുപോകുന്നത്. കൈപ്പട്ടൂർ, മുണ്ടക്കയം എന്നിവിടങ്ങളിൽ നദികൾക്ക് കുറുകെ പാലവും നിർമ്മിക്കും.
രണ്ട് ദേശീയ പാതകളുമായി ബന്ധിപ്പിക്കും
പുനലൂർ, ചെങ്കോട്ട വഴിയുള്ള കൊല്ലം - ചെങ്കോട്ട- തിരുമംഗലം ദേശീയപാത 744, കോട്ടയം, കുമളി വഴിയുള്ള കൊല്ലം - തേനി - ഡിണ്ടിഗൽ ദേശീയ പാത 183 എന്നിവയെ ബന്ധിപ്പിച്ചാണ് പുതിയ ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയ പാത.
ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയ പാത
നീളം : 116 കി.മീറ്റർ
പത്തനംതിട്ട ജില്ലയിൽ 82.5 കിലോമീറ്ററും
കൊല്ലത്ത് ആറും കോട്ടയത്ത് 27.5 കിലോമീറ്ററുമാണുള്ളത്.
ഉൾപ്പെടുന്ന റോഡുകൾ
അടൂർ- ഭരണിക്കാവ്, അടൂർ - കൈപ്പട്ടൂർ, കൈപ്പട്ടൂർ - പത്തനംതിട്ട, പത്തനംതിട്ട - മൈലപ്ര, എരുമേലി - പുലിക്കുന്ന് എന്നീ റോഡുകൾ പൂർണ്ണമായി ഇതിൽ ഉൾപ്പെടും. അടൂരിൽ നെല്ലിമൂട്ടിൽപടി മുതൽ ജംഗ്ഷൻ വരെ എം.സി റോഡ്, മൈലപ്ര പള്ളിപ്പടി മുതൽ മണ്ണാരക്കുളഞ്ഞി വരെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാത, മണ്ണാരക്കുളഞ്ഞി മുതൽ ഇലവുങ്കൽ വരെയും ഇലവുങ്കൽ മുതൽ എരുമേലി വരെയും ശബരിമല പാതയും ഇതിന്റെ ഭാഗമാകും.
രണ്ട് ഡിവിഷൻ
കൊല്ലം, പത്തനംതിട്ട ജില്ലയിൽപ്പെടുന്ന ഭാഗം എൻ.എച്ച് കൊല്ലം ഡിവിഷന്റെയും കോട്ടയം ജില്ലയിലെ ഭാഗം മൂവാറ്റുപുഴ ഡിവിഷന്റെയും പരിധിയിലായിരിക്കും.