കോന്നി: പുനലൂർ​ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണത്തിനായി കാത്തിരുന്നത് രണ്ട് പതിറ്റാണ്ട് . റോഡ് വികസനം വൈകിയതിനെ തുടർന്ന് രാജു ഏബ്രഹാം എം.എൽ. എ നിരവധി തവണ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം 'ജില്ലകളിലുള്ളവർക്ക് ഹൈവേ ഏറെ പ്രയോജനം ചെയ്യും സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും ശബരിമല തീർത്ഥാടകർക്കും സഹായമകമാകും. എം.സി.റോഡിന് സമാന്തരമായി നിർമ്മിക്കുന്ന റോഡ് അന്താരാഷ്ട്ര നിലവാരത്തിലാണ് വികസിപ്പിക്കുന്നത്. ഇതുമൂലം എം സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാകും . രണ്ട് പതിറ്റാണ്ട് വൈകിയതു മൂലം സർക്കാരിന് വൻ സാമ്പത്തീക നഷ്ടമാണ് ഉണ്ടായത്, 2001ലാണ് റോഡിന്റെ വികസന പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്.തുടർന്ന് പുനലൂർ മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗങ്ങളിൽ സർവേ നടത്തി സ്ഥലം ഏറ്റെടുക്കൽ ആരംഭിച്ചു. 82 കിലോമീറ്റർ ദൂരമുള്ള റോഡ് 737,64 കോടി രൂപ ചെലവഴിച്ചാണ് വികസിപ്പിക്കുന്നത്. പൊൻകുന്നം മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗങ്ങൾ നേരത്തെ പി.പി.പി മാതൃകയിൽ പുനരുദ്ധരിച്ചിരുന്നു. പുനലൂർ മുതൽ കോന്നിവരെയും, കോന്നി മുതൽ പ്ലാച്ചേരി വരെയും, പ്ലാച്ചേരി മുതൽ പൊൻകുന്നം വരെയും മൂന്ന് റീച്ചുകളായി തരം തിരിച്ചാവും പണികൾ നടക്കുക ഇതിൽ കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള പണികളാണ് ആദ്യം നടക്കുക .രണ്ട് വർഷമാണ് നിർമ്മാണ കാലവധി. 5 വർഷത്തേ ക്കുളള റോഡിന്റെ പരിപാലന ചുമതലയും കരാറിലുൾപ്പെടുത്തിയിട്ടുണ്ട്. കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗങ്ങളിലെ 28 ജംഗ്ഷനുകളും വികസിപ്പിക്കും, ടൗണുകളിൽ 6.5 കിലോമീറ്റർ ദൂരത്തിൽ നടപ്പാതയും കൈവരിയും നിർമ്മിക്കും, പാലങ്ങൾക്കും നടപ്പാത നിർമ്മിക്കും. 194 വളവുകൾ നേരെയാക്കും. റോഡിന്റെ മൂവാറ്റുപുഴ മുതൽ പൊൻകുന്നം വരെയുള്ള ഭാഗങ്ങൾ നേരത്തെ പി.പി.പി. മാതൃകയിൽ വികസിപ്പിച്ചതിന്റെ ബാക്കി പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള 82. 11 കിലോമീറ്ററാണ് ഇനി വികസിപ്പിക്കാനുള്ളത്. മൈലപ്ര വില്ലേജിൽ ഇനിയും സ്ഥലം ഏറ്റെടുക്കാനുമുണ്ട്. ലോകബാങ്ക് പ്രതിനിധികളുടെ നിർദ്ദേശപ്രകാരം ഇ .പി.സി. മാതൃകയിൽ മൂന്ന് പാക്കേജുകളായി തരംതിരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പെരുമ്പാവൂർ കേന്ദ്രമായ ഇ.കെ.കെ കമ്പനിക്കാണ് നിർമ്മാണ ചുമതല. സ്ഥലമേറ്റെടുക്കൽ 99 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു.