പന്തളം: പ്രായാധിക്യവും അസുഖവും മൂലം അവശയായിരുന്ന ഭാർഗവിയമ്മ(83)യും, മാനസികാസ്വാസ്ഥ്യമുള്ള മകൾ സുജക്കും താമസിക്കാൻ വീടൊരുക്കി ഇലവുംതിട്ട ജനമൈത്രി പൊലീസ്. പണി പൂർത്തിയായ വീടിന്റെ ഗൃഹപ്രവേശനം ജില്ലാപൊലീസ് മേധാവി ജി.ജയദേവ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിനൊപ്പം അവർക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും പൊലീസ് ശ്രദ്ധാലുക്കളാണെന്ന് ജി.ജയദേവ് പറഞ്ഞു. ഇലവുംതിട്ട എസ്.എച്ച് .ഒ ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് കല അജിത് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ എ.പി. അനു, സബ് ഇൻസ്‌പെക്ടർ ഗോപൻ ജി, എ.എസ്.ഐമാരായ അജികുമാർ, സുരേഷ് കുമാർ, ലിൻസൺ, മാത്യു, സി പി ഒ മാരായ ശ്രീജിത്ത്, അനിതകുമാരി, നിതീഷ് എന്നിവർ സംസാരിച്ചു.
വാർഡംഗം അനൂ, സീനത്ത്, ജനമൈത്രി പൊലീസുദ്യോഗസ്ഥരായ അൻവർഷ എസ്, പ്രശാന്ത്.ആർ,അനിത വി എന്നിവരെ ജില്ലാ പൊലീസ് മേധാവി അനുമോദിച്ചു. രണ്ടാഴ്ച മുമ്പാണ് വാർഡ് മെമ്പർ എ.പി അനു ഇവരുടെ ദയനീയ സ്ഥിതി ജനമൈത്രി പൊലീസിലറിയിക്കുന്നത്. അടിയന്തരമായി വിഷയത്തിലിടപെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ ചന്ദ്രബാബു, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ അൻവർഷ എസ്, പ്രശാന്ത് ആർ, വനിത സി.പി.ഒ അനിത വി എന്നിവർ ഓമല്ലൂർ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ എംഡി സീനത്തുമായി ബന്ധപ്പെട്ട് അമ്മയെയും മകളെയും സാന്ത്വനത്തിലാക്കി. തുടർന്ന് പ്രവാസിയും പൊതു പ്രവർത്തകനുമായ റജിയുമായി ബന്ധപ്പെടുകയും വീട്പണി പൂർത്തീകരിക്കുകയും ചെയ്യുകയായിരുന്നു.