തിരുവല്ല: നിരണം കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ കണ്ണശ്ശ ദിനാചരണവും കവിതാ ശിൽപശാലയും നാളെ മുതൽ 30വരെ നടക്കും. നാളെ രാവിലെ 10ന് ഡയറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അഖില കേരള കവിതാ ശിൽപ്പശാല കവി എൻ.പ്രഭാവർമ്മ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പ്രഫ.എ.ലോപ്പസ് അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ മുഖ്യാതിഥിയാവും. രണ്ടിന് എഴുത്തിന്റെ പ്രതിസന്ധികൾ എന്ന സെമിനാറിൽ കുരീപ്പുഴ ശ്രീകുമാർ വിഷയാവതരണം നടത്തും. എ.ഗോകുലേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. നാലുമുതൽ കവിതകളുടെ അവതരണവും വിലയിരുത്തലും 29ന് രാവിലെ 10.30ന് ഡോ.റ്റി.ആർ സുധാകരകുറുപ്പ് സെമിനാർ അവതരണം നടത്തും. തുടർന്ന് കവിതകളുടെ അവതരണവും വിലയിരുത്തലും 30ന് കണ്ണശ്ശ ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 9.30മുതൽ കണ്ണശ്ശ സ്മാരക മന്ദിരത്തിൽ പുഷ്‌പാർച്ചന, കവിതാർച്ചന. 10ന് കവിതാ ശിൽപ്പശാല സമാപനസമ്മേളനം നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാപ്രസാദ് ഉദ്ഘാടനം ചെയ്യും. എ.ഗോകുലേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 2ന് കടപ്ര കണ്ണശ്ശ സ്മാരക സ്‌കൂളിൽ നടക്കുന്ന പുരസ്‌കാരദാന സമ്മേളനം മാത്യു ടി.തോമസ് എം..എൽ..എ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി മോഹനൻ കണ്ണശ്ശ സ്മാരക പ്രഭാഷണം നടത്തും കണ്ണശ്ശ പുരസ്ക്കാരം നേടിയ സാഹിത്യകാരൻ പ്രഫ. പി.മാധവൻ പിള്ളയ്ക്ക് പ്രശസ്തി പത്രം പ്രഫ.ജി.രാജശേഖരൻനായർ സമ്മാനിക്കും. ട്രസ്റ്റ് സെക്രട്ടറി എം.പി ഗോപാലകൃഷ്ണൻ, പ്രഫ.ജി.രാജശേഖരൻനായർ, പ്രഫ.കെ.വി സുരേന്ദ്രനാഥ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.