പത്തനംതിട്ട: തൂമ്പ എടുത്തുകാണിച്ചാൽ അത് തൂമ്പയല്ലെന്ന് പറയുന്നതാണ് മലയാളിയുടെ പ്രശ്നമെന്ന് മന്ത്രി ജി.സുധാകരൻ. നിർമ്മാണത്തിൽ അഴിമതി നടന്നെന്ന് ആരോപണമുയർന്ന പാലാരിവട്ടം പാലം പണിത കരാറുകാരന് പുനലൂർ മൂവാറ്റുപുഴ റോഡിന്റെ പുനലൂർ - കോന്നി റീച്ചിന്റെ നിർമ്മാണക്കരാർ നൽകിയെന്ന ചില ഒാൺലൈൻ മാദ്ധ്യമങ്ങളിലെ വാർത്തകളെ പരാമർശിച്ചാണ് മന്ത്രി ഇതുപറഞ്ഞത്.
ലോകബാങ്കിന്റെ സഹായത്തോടെ നിർമ്മിക്കുന്ന റോഡ് അവർ പറയുന്ന മാനദണ്ഡം അനുസരിച്ചാണ് കരാർ നൽകുന്നത്. ഇ ടെൻഡർ തുറക്കുന്നത് മന്ത്രിയോ ഏതെങ്കിലും ഒരു ഉദ്യോസ്ഥനോ അല്ല. സാങ്കേതിക പരിജ്ഞാനമുളള ഒന്നിലധികം ഉദ്യോഗസ്ഥരാണ്. മാനദണ്ഡം പാലിച്ച് കുറഞ്ഞ തുകയിൽ നിർമ്മാണം ഏറ്റെടുക്കുന്നവർക്കേ കരാർ നൽകൂ. ഇതിന്റെ പരിശോധന നടക്കുകയാണ്. ഇതിനിടെയാണ് പാലാരിവട്ടം പാലം നിർമ്മിച്ചവർക്ക് കരാർ നൽകിയെന്ന് ഒാൺലൈൻ വാർത്ത വന്നത്. മാദ്ധ്യമങ്ങളിലും അഴിമതിക്കാരുണ്ട്. സൂക്ഷിച്ചോണം. മാദ്ധ്യമങ്ങൾക്ക് എന്തോ തകരാറുണ്ടെന്നാണ് മനസിലാക്കുന്നത്. ഒാൺലൈൻ മാദ്ധ്യമങ്ങൾ സാധാരണക്കാർ കാണുന്നില്ല. എന്നു വിചാരിച്ച് എന്തും പടച്ചുവിടാമെന്നാണോ. സത്യം പറയുവന്നരാകണം മാദ്ധ്യമങ്ങൾ. അസത്യം പ്രചരിപ്പിക്കരുത്. രാഷ്ട്രീയക്കാരും അങ്ങനെയാകണം. എതിർഭാഗത്തുളളവർ നല്ലത് പറഞ്ഞാൽ അഭിനന്ദിക്കണം. ഞാൻ പൊതുമരാമത്ത് മന്ത്രിയായ ശേഷം 173 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ചീഫ് എൻജിനീയറും സൂപ്രണ്ടിംഗ് എൻജിനിയറും അതിലുണ്ട്. അഴിമതി നടത്തിയെന്ന് ആരോപണം നേരിടുന്നയാളെ കുത്തിനുപിടിക്കുന്ന പണിയല്ല മന്ത്രിയുടേത്. വിജിലൻസ് അന്വേഷണം നടത്തി അഴിമതി നടത്തിയെന്ന് കണ്ടാൽ അയാളെ വെറുതെ വിടില്ലെന്ന് മന്ത്രി പറഞ്ഞു.