ചെങ്ങന്നൂർ: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകിവീണ് വീടിന്റെ മേൽക്കൂര തകർന്നു. പാണ്ടനാട് പഞ്ചായത്ത് 11-ാം വാർഡ് ആനനേശ്വരം ക്ഷേത്രത്തിനു സമീപം മുളയ്ക്കാട് കിഴക്കേതിൽ ശരത് കുമാറിന്റെ വീടിനു മുകളിലാണ് സമീപം നിന്ന വൻപുളിമരം കടപുഴകി വീണത്. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് അപകടം.രണ്ട് മുറികളും അടുക്കളയും ചെറിയ വരാന്തയും ഉൾപ്പെടുന്ന വീടിന്റെ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റും ഓടും മേഞ്ഞതായിരുന്നു. ഇത് പൂർണമായും തകർന്നു. ചുവരുകൾക്കും കേടുപാടുകളുണ്ട്. അപകടം നടക്കുമ്പോൾ ശരത് കുമാറും ഭാര്യ ബിന്ദുവും രണ്ട് കുട്ടികളും സ്ഥലത്തിലായിരുന്നു.ഏകദേശം 2 ലക്ഷം രൂപാ നഷ്ടം കണക്കാക്കുന്നതായി ശരത് കുമാർ പറഞ്ഞു. വാർഡ് അംഗം ടി.ഡി മോഹനൻ,റവന്യൂ ഓഫീസർമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.