പത്തനംതിട്ട : ഗീതാ സുരേഷ് പത്തനംതിട്ട നഗരസഭാദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. ഇന്നലെ രാവിലെ സെക്രട്ടറി എ.എം. മുംതാസിന് രാജിക്കത്ത് കൈമാറി. അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച കോൺഗ്രസിലെ ധാരണയിൽ അടുത്തമാസം 19 വരെയായിരുന്നു കാലാവധി. എന്നാൽ ചെയർപേഴ്‌സണിന്റെ സത്യപ്രതിഞ്ജാ സമയത്ത് കാലാവധിക്ക് ഒരു മാസം മുമ്പ് രാജിവയ്ക്കുമെന്ന് ഇവർ പ്രഖ്യാപിച്ചിരുന്നു. 18ന് ഡി.സി.സിയ്ക്ക് മുമ്പിൽ രാജിസന്നദ്ധതയും അറിയിച്ചു. എന്നാൽ കുറച്ച് ദിവസം കൂടി തുടരാൻ ഡി.സി.സി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. കൂടുതൽ ദിവസം തുടരുന്നത് ധാർമികമായി ശരിയല്ലാത്തതിനാൽ രാജിവയ്ക്കുകയാണെന്ന് ഇന്നലെ രാവിലെ ഗീതാ സുരേഷ് ഡി.സി.സി നേതൃത്വത്തെ അറിയിക്കുകയും രാജികത്ത് നൽകുകയുമായിരുന്നു. വൈസ് ചെയർമാൻ എ.സഗീറിനാണ് താൽക്കാലിക ചുമതല. രണ്ടാഴ്ചക്കകം പുതിയ അദ്ധ്യക്ഷയെ തിരഞ്ഞെടുക്കും. നഗരസഭയുടെ കൊല്ലം റീജണൽ ജോയിന്റ് ഡയറക്ടർക്കാണ് തെരഞ്ഞെടുപ്പിന്റെ ചുമതല. യു.ഡി.എഫ് ഭൂരിപക്ഷമുള്ള നഗരസഭയിൽ പാർട്ടിയിലെ മുൻ ധാരണാപ്രകാരം കോൺഗ്രസിലെ റോസ്ലിൻ സന്തോഷിനായിരിക്കും അദ്ധ്യക്ഷ സ്ഥാനം ലഭിക്കുക.
രണ്ടര വർഷം ചെയർപേഴ്‌സൺ സ്ഥാനത്ത് തുടർന്ന രജനീപ്രദീപ് രാജിവച്ചതിനെ തുടർന്നാണ് ഗീതാസുരേഷിന് അവസരം ലഭിച്ചത്. കാലാവധി അവസാനിച്ചിട്ടും രജനീപ്രദീപ് രാജിവെക്കാഞ്ഞത് കോൺഗ്രസിനുള്ളിൽ തർക്കത്തിന് ഇടയാക്കിയിരുന്നു. കെ.പി.സി.സി ഇടപെട്ടതിനെ തുടർന്നാണ് രജനീപ്രദീപ് രാജിവച്ചത്.
രാജി അംഗീകരിക്കണമെന്നാവശ്യപ്പെട്ട്
12 കോൺഗ്രസ് കൗൺസിലമാർ
18ന് ഡി.സി.സി നേതൃത്വത്തിന് മുമ്പിൽ രാജി സന്നദ്ധത അറിയിച്ച ഗീതാസുരേഷിനോട് അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനാണ് ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടത്. എന്നാൽ ഗീതാ സുരേഷിന്റെ രാജി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് 12 കോൺഗ്രസ് കൗൺസിലർമാർ 26ന് ഡി.സി.സി പ്രസിഡന്റിന് കത്ത് നൽകി. സ്വതന്ത്രനായി വിജയിച്ച അൻസർ മുഹമ്മദും ഈ ആവശ്യം ഉന്നയിച്ച് ഡി.സി.സിക്ക് കത്ത് നൽകിയിരുന്നു.
11 മാസമാണ് പ്രവർത്തിക്കാൻ കാലയളവ് ലഭിച്ചതെങ്കിലും കിട്ടിയ സമയം പൂർണമായും നഗരസഭയുടെ വികസനത്തിനായി വിനിയോഗിക്കാൻ കഴിഞ്ഞു.
കൃഷി ഭവൻ, വനിതാ ഹോസ്റ്റൽ, ബഡ്സ് സ്‌കൂൾ, 4 കുടിവെള്ള പദ്ധതികൾ, വിദ്യാദീപം, നഗരജ്യോതി, കുമ്പഴ മേഖലാ ഓഫീസ്, ലൈബ്രറി, ശബരിമല ഇടത്താവളത്തിലെ ഡോർമെറ്ററി സംവിധാനം, കവാടം. അത്യാധുനിക അറവുശാല, കുടിവെള്ള ബോട്ടിൽ യൂണിറ്റ്, ആയൂർവേദാശുപത്രിയിൽ കിടത്തിചികിത്സയ്ക്കുള്ള സംവിധാനം, ഭിന്നശേഷിക്കാർക്ക് റാംപുകൾ തുടങ്ങി നിരവധി പദ്ധതികൾക്ക് തുടക്കമിടാനും പൂർത്തീകരിക്കാനും കഴിഞ്ഞു.
ഗീതാ സുരേഷ്