തിരുവല്ല: രാജ്യാന്തര നിലവാരത്തിൽ കുറ്റൂർ - മനയ്ക്കച്ചിറ - കിഴക്കൻ മുത്തൂർ - മുത്തൂർ റോഡ് വീതികൂട്ടി നിർമ്മിക്കാനുള്ള സർവ്വേ ജോലികൾ പൂർത്തിയായി. റോഡിന്റെ അലൈൻമെന്റ് തിട്ടപ്പെടുത്തിയും അതിർത്തിയും പുറമ്പോക്ക് സ്ഥലങ്ങളും കണ്ടെത്തിയും താലൂക്ക് സർവ്വേയറുടെ നേതൃത്വത്തിലാണ് സർവേ നടന്നത്. കുറ്റൂർ മുതൽ മനയ്ക്കച്ചിറ വരെയും മനയ്ക്കച്ചിറ മുതൽ കിഴക്കൻ മുത്തൂർ വരെയുള്ള ഭാഗങ്ങളിലാണ് സർവ്വേ പൂർത്തിയായത്. വീതികൂട്ടാനുള്ള സ്ഥലം ഏറ്റെടുക്കൽ ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്.
ബി.എം ആൻഡ് ബി.സി നിലവാരത്തിൽ വശങ്ങളിൽ ഓടയും നടപ്പാതയും ചേർത്താണ് നിർമാണം പൂർത്തിയാക്കേണ്ടത്. നിലവിൽ 7 മുതൽ 8 മീറ്റർ വരെയാണ് റോഡിനു വീതിയുള്ളത്. റോഡ് നിർമാണത്തിനാവശ്യം 10 മീറ്ററാണ്. 5.5 മീറ്ററാണ് ടാറിംഗ്. സ്ഥലം സമീപവാസികൾ സൗജന്യമായി വിട്ടുനൽകിയാൽ മാത്രമേ നിർമാണം നടത്താൻ കഴിയുകയുള്ളു. റോഡ് കടന്നുപോകുന്ന പ്രധാന ജംഗ്‌ഷനുകളായ കുറ്റൂർ, മനയ്ക്കച്ചിറ, കിഴക്കൻ മുത്തൂർ, മുത്തൂർ എന്നിവിടങ്ങളിൽ കൂടുതൽ സ്ഥലം ആവശ്യമാണ്. കുറ്റൂരും മുത്തൂരും എം.സി റോഡിൽ പ്രവേശിക്കുന്നതിനാൽ ഇവിടെയും വീതി കൂടുതൽ വേണം. പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ സുഭാഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്.കിഫ്ബിയിൽ നിന്നാണ് പണം ചെലവിടുന്നത്.
തിരുവല്ലയുടെ ഔട്ടർ റിംഗ് റോഡാകും
കുറ്റൂർ - മനയ്ക്കച്ചിറ- കിഴക്കൻ മുത്തൂർ - മുത്തൂർ റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ തിരുവല്ല നഗരത്തിന്റെ ഔട്ടർ റിംഗ് റോഡായി ഉപയോഗപ്പെടുത്താൻ സാധിക്കും. കുറ്റൂർ, കവിയൂർ പഞ്ചായത്തുകളുടെ ഗ്രാമീണ മേഖലയ്ക്കും റോഡ് വികസനക്കുതിപ്പേകും. കുറ്റൂർ റെയിൽവേ അടിപ്പാതയുടെ ഭാഗത്ത് ഇനി കൂടുതൽ വീതിയെടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഈഭാഗം ഒഴിവാക്കി ബാക്കിയുള്ളയിടങ്ങളിൽ ആവശ്യമായ വീതി കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് പി.ഡബ്ല്യൂ.ഡി അധികൃതർ. ചിലയിടങ്ങളിൽ റോഡ് ഉയർത്തേണ്ടിവരും. സ്ഥലം ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയായാൽ ഒരു വർഷത്തിനുള്ളിൽ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ചെലവ്: 25.83 കോടി,
നീളം : 12 കിലോമീറ്റർ
വീതി: 10 മീറ്റർ
റോഡിന്റെ വശങ്ങളിലെ ഭൂരിഭാഗം ആളുകളും സ്ഥലം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പൊതുമരാമത്ത് അധികൃതർ