kk-shailaja

കോന്നി: കോന്നി ഗവ.മെഡിക്കൽ കോളേജിന്റെ ഭാഗമായി 300 കിടക്കകളുള്ള ആശുപത്രി വരുന്ന മാർച്ചിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മെഡിക്കൽ കോളേജിന്റെ ഒ.പി വിഭാഗം പ്രവർത്തനമാരംഭിച്ചാൽ 2021ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം വാങ്ങി 100 കുട്ടികൾക്ക് മെഡിക്കൽ പ്രവേശനം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയ മന്ത്രി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു. ശബരിമലയുൾപ്പെട്ട ജില്ലയുടെ മലയോര മേഖലയ്ക്ക് സർക്കാർ മെഡിക്കൽ കോളേജ് ആവശ്യമാണ്. അതുകൊണ്ടു തന്നെ കോന്നി മെഡിക്കൽ കോളേജ് ഉപേക്ഷിക്കില്ല. ജില്ലയിലെ എല്ലാ ജനപ്രതിനിധികളുടെയും സഹായം മെഡിക്കൽ കോളേജിന്റെ തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കുണ്ടാവണം. മെഡിക്കൽ കോളേജിജിന്റെ തുടർന്നുള്ള നിർമ്മാണ പുരോഗതി വിലയിരുത്താൻ അവലോകന യോഗങ്ങൾ ചേരുമെന്നും മന്ത്രി പറഞ്ഞു. അവലോകന യോഗങ്ങൾ ജില്ലാ കളക്ടർ എല്ലാ വകുപ്പ് മേധാവികളേയും ജനപ്രതിനിധികളെയും വിളിച്ചു ചേർത്ത് നടത്തണം. കോന്നിയിൽ എം.എൽ.എ ഉണ്ടങ്കിലും ഇല്ലെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളും അവലോകന യോഗങ്ങളും നടത്തും. പ്രൊഫ. അജയനെ മെഡിക്കൽ കോളേ ജിന്റെ പ്രിൻസിപ്പൽ ഇൻ ചാർജായി നിയമിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. 2012ൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഒന്നാംഘട്ടം 2015 ൽ പൂർത്തിയാക്കാനാണ് ശ്രമിച്ചതെങ്കിലും 2019 വരെ കാത്തിരിക്കേണ്ടി വന്നു. രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് കിഫ് ബി യിൽ നിന്ന് 351 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നവംബറിൽ മെഡിക്കൽ കോളേജിലെ ജലവിതരണമായി ബന്ധപ്പെട്ട പണികൾ പൂർത്തിയാക്കണമെന്ന് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എജിനിയർക്ക് മന്ത്രി നിർദേശം നൽകി. ഭാവിയിൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷന്റെ ആവശ്യം വേണ്ടിവരുമെന്ന് ഡപ്യൂട്ടി ചീഫ് എൻജിനിയർ അറിയിച്ചു. മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന റോഡ് കൂടാതെ രണ്ടാം ഘട്ടത്തിൽ 12 മീറ്റർ വീതിയിൽ രണ്ട് ഉപറോഡുകൾ കൂടി നിർമ്മിക്കേണ്ടതുണ്ടന്ന് പൊതുമരാമത്ത് വകുപ്പ് മേധാവികളും മന്ത്രിയെ അറിയിച്ചു. യോഗത്തിൽ ആന്റോ ആന്റണി എം.പി, എം.എൽ എമാരായ രാജു ഏബ്രഹാം, വീണാ ജോർജ്, ജില്ലാ കളക്ടർ പി.ബി.നൂഹ് , കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ , അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.അജയൻ എന്നിവർ സംസാരിച്ചു.