തിരുവല്ല: അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ടാണ് പ്രളയാനന്തര പുനർനിർമ്മാണം നടത്തുന്നതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഇരവിപേരൂർ-കല്ലിശേരി പാതയുടെ പുനരുദ്ധാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഐക്യത്തോടെ നിൽക്കേണ്ട സമയമാണിത്. ബാറിൽനിന്ന് മദ്യം കിട്ടിയില്ലെങ്കിൽ ആളുകളെ വണ്ടികയറ്റി കൊല്ലുന്ന മാനസ്സിക നിലയിലേക്ക് നാം എത്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. വീണാ ജോർജ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാർ, കെ.അന്തഗോപൻ, പഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി, വൈസ് പ്രസിഡന്റ് എൻ. രാജീവ് എന്നിവർ പ്രസംഗിച്ചു. ഇരവിപേരൂർ പഞ്ചായത്തിലെ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള തുക കൈമാറി. 6.5 കോടി രൂപയ്ക്കാണ് നെല്ലാട് ജംഗ്‌ഷൻ മുതൽ പരുമൂട്ടിൽകടവുവരെയുള്ള അഞ്ചു കിലോമീറ്റർ റോഡ് പുനർനിർമ്മിക്കുക. അഞ്ചര മീറ്റർ വീതിയിലാണ് ടാറിംഗ്.ടി.കെ.റോഡിൽനിന്ന് ചെങ്ങന്നൂർവഴി എം.സി.റോഡിലേക്ക് എത്താനുള്ള പ്രധാന ബൈപ്പാസായി ഈ റോഡിനെ ഉപയോഗിക്കാം. അടുത്ത മാർച്ചിന് മുമ്പായി പണികൾ തീർക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അസി.എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു.