തിരുവല്ല: 2018ലെ മഹാപ്രളയത്തിന്റെ തീവ്രത വരും തലമുറയുടെ അറിവിലേക്കും ഓർമ്മയ്ക്കുമായി രേഖപ്പെടുത്തി പുളിക്കീഴിൽ ഫ്ളഡ് സ്കെയിൽ സ്ഥാപിച്ചു. തിരുവല്ല- കായംകുളം റോഡരുകിൽ പുളിക്കീഴ് പള്ളിക്ക് സമീപം പോസ്റ്റ് ഓഫീസിന് എതിർവശത്താണ് സ്കെയിൽ സ്ഥാപിച്ചിട്ടുള്ളത്. മതിലിനോട് ചേർന്ന് മാർബിൾ കല്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്കെയിലിൽ അഞ്ചരയടി പൊക്കത്തിലാണ് മഹാപ്രളയം അടയാളപ്പെടുത്തിയിരിക്കുന്നത്. പമ്പയാറിനോട് ചേർന്നുള്ള പുളിക്കീഴിലെ ജലനിരപ്പ് അഞ്ചരയടി ഉയർന്നിരുന്നു. മാർബിളിൽ ആറടി വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഹ്യുമൻ വെൽഫെയർ ആൻഡ് പ്രൊട്ടക്ഷൻ ഫോഴ്സ് ഓഫ് കേരളയുടെ നേതൃത്വത്തിലാണ് സ്കെയിൽ സ്ഥാപിച്ചത്. പുളിക്കീഴ് പൊലീസ് സബ് ഇൻസ്‌പെക്ടർ വിപിൻ ഫ്ളഡ് സ്കെയിൽ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പ്രസിഡന്റ് പ്രൊഫ.കെ.വി. സുരേന്ദ്രനാഥ്, സെക്രട്ടറി കേണൽഎം.എൻ സുരേന്ദ്രൻ,വൈസ് പ്രസിഡന്റ് ജേക്കബ് വർഗീസ് വാഴയിൽ, ട്രഷറർ ടി.കെ.രാജൻ, ജോ.സെക്രട്ടറി മോഹൻ മത്തായി, പഞ്ചായത്തംഗം മോഹൻ തൈക്കടവിൽ, ഉമ്മൻ മത്തായി, ഡാനിയേൽ തോമസ്, സുരേഷ്‌കുമാർ, സുരേന്ദ്രനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.