kproad
ചൊവ്വാഴ്ച രാത്രിയിൽ ചേന്ദംപള്ളി ക്ഷേത്രത്തിന് മുന്നിൽ പൈപ്പ്പൊട്ടി കെ. പി റോഡ് തകർന്ന നിലയിൽ

അടൂർ : കെ.പി റോഡിൽ ചേന്ദംപള്ളി ക്ഷേത്രത്തിന് മുന്നിൽ വീണ്ടും പൈപ്പ് പൊട്ടി.ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ പൈപ്പ് പൊട്ടി റോഡ‌് കുളം തോണ്ടിയത്. വാട്ടർഫൗണ്ടൻ പോലെ 12 അടി ഉയരത്തിലാണ് വെള്ളം മുകളിലേക്ക് റോഡ് തകർത്ത് ഉയർന്നത്. ഇതോടെ 25 മീറ്ററോളം നീളത്തിലും ആറര മീറ്ററോളം വീതിയിലും റോഡ് പൂർണമായും തകർന്ന് വൻകുഴിതന്നെ രൂപംകൊണ്ടു. ഇതോടെ വാഹനയാത്രികരും അപകടത്തിൽപെടുന്നത് ഉറപ്പായി. കായംകുളം മുതൽ അടൂർ വരെ ഉന്നത നിലവാരത്തിൽ ടാർചെയ്തിട്ട് വർഷങ്ങളോളമായി.ഇൗ പാതയിൽ പൈപ്പ്പൊട്ടൽ വലിയ ഭീഷണി ഉയരാത്തതിനാൽ റോഡും അധികം തകർന്നില്ല.പള്ളിക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്ന പൈപ്പ്ലൈനാണ് പൊട്ടിയത്.വെള്ളത്തിന്റെ ഉന്നത മർദ്ദവും, പഴയ പൈപ്പിന്റെ ഗുണനിലവാരമില്ലായ്മയുമാണ് ഇതിന് ഇടയാക്കിയത്. പന്തളം റോഡ് സബ്ഡിവിഷന്റെ പരിധിയിൽപ്പെട്ട ഭാഗമാണിവിടം. രണ്ടരലക്ഷത്തോളം രൂപയുടെ നഷ്ടം പൊതുമരാമത്ത് വകുപ്പിന് ഇതുവഴി ഉണ്ടായി.

അടുത്തിടെ ഉന്നത നിലവാരത്തിൽ ടാർ ചെയ്ത കെ. പി റോഡിലെ അടൂരിനും മരുതിമൂടിനും ഇടയിൽ പതിനഞ്ചോളം ഇടത്ത് പൈപ്പിൽ ചോർച്ചയുണ്ടായി റോഡ് തകർന്നു.ഇതിനിടെ പൈപ്പിടുന്ന വേളയിൽ കലുങ്ക് തകർന്നതും റോഡ് തകരാൻ ഇടയാക്കി. ഉന്നത നിലവാരത്തിലുള്ള ഡി.ഐ പൈപ്പുകൾ സ്ഥാപിച്ചപ്പോൾ ചോർച്ചയുണ്ടോ എന്നറിയാൻ ശരിയായ രീതിയിൽ വെള്ളം കയറ്റിവിട്ട് പ്രഷർ ടെസ്റ്റ് നടത്താതെ എളുപ്പത്തിൽ കാട്ടികൂട്ടിയതാണ് പുനർനിർമ്മിച്ച റോഡ് വീണ്ടും തകരുന്നതിന് ഇടയാക്കിയത്.

പൈപ്പ് ഇടുന്നതുവഴി റോഡിന് ഉണ്ടാകുന്ന തകർച്ചയുടെ നഷ്ടപരിഹാരമായി വാട്ടർഅതോററ്റി പെതുമരാമത്ത് റോഡ്സ് വിഭാഗത്തിന് നൽകിയത് അഞ്ചരകോടി രൂപയാണ്.പണം അടപ്പിച്ച ശേഷമാണ് റോഡ് കുഴിക്കുന്നതിന് അനുമതി നൽകിയത്.

വീണ്ടും നോട്ടീസ്

കെ. പി. റോഡിൽ അടൂരിനും മരുതിമൂടിനും ഇടയിൽ റോഡ് നിർമ്മാണത്തിന് ശേഷം പൈപ്പിലെ ചോർച്ച കാരണം ഉണ്ടായ റോഡ് തകർച്ചയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് റോഡ്സ് വിഭാഗം കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റിക്ക് നോട്ടീസ് നൽകി.

ശിക്ഷണനടപടിയായി സ്ഥലംമാറ്റവും.

അടിക്കടിയുണ്ടാകുന്ന പൈപ്പ് ചോർച്ചയും നിർമ്മാണത്തിലെ അപാതകളും ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വത്തിന്റെയും പേരിൽ വാട്ടർ അതോററ്റി അസി. എക്സിക്യൂട്ടീവ് എൻജിനിയർ, അസി.എൻജിനിയർ എന്നിവരെ ശിക്ഷണനടപടികളോടെ ഒരുമാസം മുൻപ് സ്ഥലംമാറ്റി.