ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി. ആറാട്ട് ശനിയാഴ്ച എട്ടിന് പമ്പാനദിയിലെ മിത്രപ്പുഴ കടവിൽ നടക്കും. മലയാളവർഷത്തിലെ ആദ്യ തൃപ്പൂത്തായതിനാൽ ഭക്തർ ഏറെ പ്രാധാന്യം കൽപിക്കുന്നു.1812ൽ ബ്രിട്ടീഷ് റെസിഡന്റായിരുന്ന കേണൽ മൺറോ നടയ്ക്കുവെച്ച ആഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകളും നടക്കും. ദേവിക്ക് വിശേഷാൽ ഒഢ്യാണം, പനംതണ്ടൻ വള, സ്വർണക്കാപ്പ് എന്നിവ വർഷത്തിലൊരിക്കൽ ചാർത്തുന്നതും അന്നാണ്. കൂടാതെ ശ്രീപരമേശ്വരന്റെ സ്വർണ നിലയങ്കിയും എഴുന്നള്ളിക്കും. ആറാട്ടിനുശേഷം ദേവിയെ ഗജവീരന്മാരുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. മതിലകത്ത് പ്രവേശിക്കുമ്പോൾ പരിവാരസമേതനായി ആനപ്പുറത്ത് എഴുന്നള്ളിയ ശ്രീപരമേശ്വരൻ ദേവിയെ സ്വീകരിക്കും. ക്ഷേത്രത്തിന് ചുറ്റും മൂന്ന് പ്രദക്ഷിണങ്ങൾക്കുശേഷം ശ്രീകോവിലിലേക്ക് ആനയിക്കും.തുടർന്ന് ഇരുനടകളിലും കളഭാഭിഷേകവും വിശേഷാൽപൂജകളും നടക്കും. ഭക്തർക്ക് പറയിടാനുള്ള സൗകര്യവും ഉണ്ടാവും. ആറാട്ടുദിവസം മുതൽ 12 ദിവസത്തേക്ക് ക്ഷേത്രത്തിലെ വിശേഷാൽ വഴിപാടായ ഹരിദ്രപുഷ്പാഞ്ജലി നടത്താനുള്ള സൗകര്യം ഉണ്ടാകും. ചടങ്ങുകൾക്ക് തന്ത്രി കണ്ഠര് മോഹനര് മുഖ്യകാർമികത്വം വഹിക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.സി ശ്രീകുമാരി അറിയിച്ചു.