പത്തനംതിട്ട: മുഖം മിനുക്കാനൊരുങ്ങുകയാണ് ഇലന്തൂർ പഞ്ചായത്ത് സ്റ്റേഡിയം. വോളിബോൾ കോർട്ടും സിന്തറ്റിക് ട്രാക്കും ഉൾപ്പെടെയുള്ള പദ്ധതിക്കായി വീണാ ജോർജ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപയാണ് അനുവദിച്ചത്. 1.8 സെന്റ് സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. സ്പോർട്സ് എൻജിനീയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
ഇരുപത് വർഷം മുമ്പാണ് ഇലന്തൂരിൽ സ്റ്രേഡിയം വരുന്നത്. നാട്ടുകാർ ഗ്രാമവികസന സമിതി രൂപീകരിച്ച് പിരിവെടുത്ത് അന്ന് പണം കണ്ടെത്തുകയായിരുന്നു. ഇലന്തൂർ സി.ടി മത്തായി, എം.ബി സത്യൻ, കെ.ജി സജീവ്, നരേന്ദ്രൻ നായർ, എം.കെ.പീതാംബരൻ തുടങ്ങിയവരായിരുന്നു അന്ന് ഇലന്തൂർ പഞ്ചായത്ത് ഭരണസമിതിയിൽ ഉണ്ടായിരുന്നത്.
ഒരേക്കർ 17 സെന്റാണ് സ്റ്റേഡിയത്തിന്റെ സ്ഥലം. 54 സെന്റാണ് നാട്ടുകാരുടെ കൂട്ടായ്മയായ ഗ്രാമവികസന സമിതികണ്ടെത്തിയത്. ബാക്കി ഏറ്രെടുക്കലിലൂടെ ലഭിച്ചു. ജോലികൾ വേഗത്തിലാക്കണമെന്ന് വീണാജോർജ് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സിജു, വികസന സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ ബാബുജി തര്യൻ എന്നിവർ കഴിഞ്ഞദിവസം സ്പോർട്സ് എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കണ്ട് ചർച്ച നടത്തിയിരുന്നു..
------------------------
പദ്ധതി ഇങ്ങനെ
ഫുട്ബോൾ കോർട്ട്, പ്രവേശന കവാടം, സിന്തറ്രിക് കോർട്ട്, ക്രിക്കറ്റ് പ്രാക്ടീസ് കോർട്ട്, വോളിബോൾ കോർട്ട്, ചുറ്റുമതിൽ എന്നിവ നിർമ്മിക്കും.പാർക്കിംഗ് ഏരിയ തയ്യാറാക്കും. വൈദ്യുതി എത്തിക്കും.താത്കാലിക ഷെഡ് പൊളിച്ചുമാറ്റും
-------------------
"സാങ്കേതികാനുമതി തിങ്കളാഴ്ച ലഭിക്കും. ടെൻഡർ നടപടി പൂർത്തിയായാലുടൻ പണി ആരംഭിക്കും. ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ശ്രമം. സ്റ്റേഡിയം ഇലന്തൂരിന്റെ സ്വപ്നമാണ്. "
എം.എസ് സിജു
ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്