relief-fund
പെരിങ്ങര വില്ലേജ് ഓഫിസ് ജനകീയ ഉപരോധം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സതീഷ് ചാത്തങ്കരി ഉത്ഘാടനം ചെയ്തു

തിരുവല്ല: വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് സർക്കാർ ആനുകൂല്യം നിഷേധിച്ചതിനെതിരെ പ്രതിഷേധം ശക്തം.. പെരിങ്ങര വില്ലേജിലെ നാല് ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ആനുകൂല്യം നൽകിയില്ലെന്നാണ് പരാതി. പഞ്ചായത്ത് ഒന്നാംവാർഡിലെ മേപ്രാൽ പടിഞ്ഞാറ് മനകേരിച്ചിറ, 14ാംവാർഡിലെ ആശ്വാസ് പകൽവീട്, ബസാർകടവ്, 15ാംവാർഡിലെ കോൺകോഡ് ചാപ്പൽ എന്നിവയാണ് ക്യാമ്പുകൾ. നാനൂറോളം കുടുംബങ്ങളാണ് ഇൗ ക്യാമ്പുകളിൽ കഴിഞ്ഞത്. ക്യാമ്പ് ഒാഫീസർമാർ ക്യാമ്പ് അംഗങ്ങളുടെ പട്ടികയും വിശദാംശങ്ങളും റവന്യൂ അധികാരികൾക്ക് നൽകിയിരുന്നു. പക്ഷേ ഭക്ഷണ സാധനങ്ങൾ സംഭരിക്കുന്ന ഫുഡ് ക്യാമ്പുകളായിരുന്നു ഇവയെന്ന് കണക്കാക്കിയാണ് വില്ലേജ് അധികൃതർ ആനുകൂല്യം നിഷേധിച്ചത്. താലൂക്കിൽ ഒരുക്യാമ്പും ഫുഡ് ക്യാമ്പായി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. മറ്റ് ആറ് ക്യാമ്പുകളിൽ കഴിഞ്ഞ എല്ലാവരെയും സഹായധനം ലഭിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നും പരാതിയുണ്ട്. പെരിങ്ങര വില്ലേജിൽ 272പേർക്ക് മാത്രം സഹായധനം നൽകാനാണ് അംഗീകരിച്ചത്. പെരിങ്ങര ദുരന്തബാധിത വില്ലേജായി സർക്കാർ പ്രഖ്യാപിച്ചതാണ്. ക്യാമ്പുകളിൽ കഴിയാത്ത അർഹതപ്പെട്ടവരെയും വില്ലേജ് ഒാഫീസറും പഞ്ചായത്ത് സെക്രട്ടറിയും സംയുക്ത പരിശോധന നടത്തി പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ ഇക്കാര്യത്തിലും നടപടി ഉണ്ടായില്ല.

-----------------------------

വില്ലേജ് ഓഫിസ് ഉപരോധിച്ചു


സഹായധനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ,​ ക്യാമ്പുകളിൽ കഴിഞ്ഞവർ പെരിങ്ങര വില്ലേജ് ഓഫിസ് ഉപരോധിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനംചെയ്തു. അർഹതപ്പെട്ട മുഴുവൻ ദുരിതബാധിതർക്കും സർക്കാരിന്റെ സഹായധനം ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത്അംഗം ഈപ്പൻ കുര്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനിമോൾ ജോസ്, ആനി എബ്രഹാം എന്നിവർ പ്രസംഗിച്ചു. തിരുവല്ല തഹസീൽദാർ ഇൻചാർജ്ജ് ശ്രീകുമാർ സ്ഥലത്തെത്തി ചർച്ച നടത്തി. ഒഴിവാക്കപ്പെട്ട 4 ക്യാമ്പുകളിലെ മുഴുവൻ കുടുംബങ്ങളെയും സഹായധനം ലഭിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് തഹസീൽദാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.