പത്തനംതിട്ട: ജില്ലാതല ഓണാഘോഷം 12 മുതൽ 14 വരെ നടത്തുന്നതിന് എം.എൽ.എമാരായ രാജു ഏബ്രഹാം, വീണാ ജോർജ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം 12ന് പത്തനംതിട്ടയിലും സമാപനം 14ന് അടൂരിലും നടക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഘോഷയാത്ര സംഘടിപ്പിക്കും.
ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ നടക്കുന്ന സമാപന ഘോഷയാത്രയിൽ ഗവി പശ്ചാത്തലമായി ജില്ലയുടെ ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിനും തീരുമാനിച്ചു. റാന്നി അവിട്ടം ജലോത്സവത്തിനും അയിരൂർ ജലോത്സവത്തിനും 40,000 രൂപ വീതം നൽകുന്നതിനും തീരുമാനമായി.
അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് അലക്‌സ് പി. തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.എൽ.എമാരായ രാജു ഏബ്രഹാം, വീണാ ജോർജ്, ടൂറിസം ഡെപ്യുട്ടി ഡയറക്ടർ എം. ഹുസൈൻ, ഡി.റ്റി.പി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ബി. ഹർഷകുമാർ, അഡ്വ. മനോജ് ചരളേൽ, അജി അലക്‌സ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ. ഷീജ, പൊതുമരാമത്ത് നിരത്തു വിഭാഗം പ്രതിനിധി സജീഷ്, ഗുഡ്രിക്കൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. മോനി, കോന്നി സീനിയർ ഫോറസ്റ്റ് ഓഫീസർ എസ്.സി പ്രമോദ്, എൻ.സി.സി പ്രതിനിധി എ.അരുൺ, ഡി.റ്റി.പി.സി ക്ലാർക്ക് അഫിത ലാൽ തുടങ്ങിയവർ പങ്കെടുത്തു.