തണ്ണിത്തോട്: തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വനം വകുപ്പ് സ്ഥാപിച്ച സൗരോർജ വേലികൾ അറ്റകുറ്റപണികൾ നടത്താതെ നശിക്കുന്നു. കാട്ടു പന്നികളുടെയും കാട്ടാനയുടെയും ശല്യം മൂലം കൃഷി ചെയ്യാനാവാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. തണ്ണിത്തോട്, തണ്ണിത്തോട് മൂഴി, തേക്കുതോട്, കരുമാൻതോട്, ഏഴാംതല, മണ്ണീറ, മേടപ്പാറ, തൂമ്പാകുളം , പൂച്ചക്കുളം , മണ്ണീറ, എലിമുള്ളംപ്ലാക്കൽ, കൂത്താട്ടിമൺ, മൂർത്തിമൺ, മേക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ ഇതുമൂലം കൃഷിയിറക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്. കാട്ടാനകളെ പടക്കം പൊട്ടിച്ച് ഓടിച്ചാലും താമസിക്കാതെ വീണ്ടും കൃഷിയിടങ്ങളിൽ ഇറങ്ങും. ഇവിടുത്തെ ജനങ്ങളുടെ പ്രധാന ജീവിതോപാധി കാർഷീകവൃത്തിയാണ്. വനത്താൽ ചുറ്റപ്പെട്ട ഈ മേഖലയിലെ വനാതിർത്തികളിൽ വിവിധ ഘട്ടങ്ങളായാണ് സൗരോർജവേലികൾ സ്ഥാപിച്ചത്. യഥാസമയം അറ്റകുറ്റപണികൾ നടത്താതെ ഇവ നശിക്കുകയായിരുന്നു. പലസ്ഥലങ്ങളിലും തൂണുകൾ പിഴുത് വീണും, മരച്ചില്ലകൾ വീണും കമ്പി പൊട്ടി കിടക്കുകയാണ്. ചിലയിടങ്ങളിൽ വള്ളികളും പാഴ്‌ചെടികളും വളർന്ന് കയറി. സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച സൗരോർജ വേലികളും കാട്ടാന ചവിട്ടി നശിപ്പിച്ചു.
ഭീതി വിതച്ച് കാട്ടാനകൾ
രാത്രിയിൽ ജനവാസ മേഖലയിലെ വീടുകൾക്ക് സമീപം കാട്ടാനകൾ എത്തുന്നത് നാട്ടുകാരിൽ ഭീതിയുണ്ടാക്കുന്നു. കിടങ്ങ് സ്ഥാപിച്ചുട്ടുണ്ടങ്കിലും ഇവ ഫലപ്രദമാവുന്നില്ല. കാട്ടാനകളെ തുരത്തുന്നതിനോ സൗരോർജ വേലികൾ അറ്റകുറ്റപ്പണികൾ തീർത്ത് നന്നാക്കുന്നതിനോ വനം വകുപ്പ് ശ്രമിക്കാത്തത് കർഷകർക്കിടയിൽ പ്രതി ഷേധത്തിന് കാരണമായിട്ടുണ്ട്. റാന്നി, കോന്നി വനം ഡിവിഷനുകളുടെ പരിധിയിലാണ് തണ്ണിത്തോട് പഞ്ചായത്തിലെ ഈ പ്രദേശങ്ങൾ.
കാട്ടുപന്നികളുടെ ആക്രമണം പതിവാണ്. വന്യമൃഗങ്ങളുടെ ആക്രമണം മൂലം പലരും കൃഷി ഉപേക്ഷിക്കുകയാണ്.
വി.ബി. സോമരാജൻ കറുകയിൽ,
കർഷകൻ