isis

പത്തനംതിട്ട: മതം മാറ്റി ഐസിസിൽ ചേർക്കാനുള്ള ശ്രമം ചെറുത്തതിന് ക്രൂര മർദ്ദനത്തിനിരയായ യുവതി ഡി.ജി.പി ലോക്‌നാഥ് ബഹ്റയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ഇന്നലെ പത്തനംതിട്ടയിൽ നടത്തിയ പൊലീസ് പരാതിപരിഹാര അദാലത്തിലാണ് റാന്നി സ്വദേശിയായ ഇരുപത്തിയാറുകാരിയെത്തിയത്.

പ്രണയിച്ച് വിവാഹ വാഗ്ദാനം നൽകി ഒപ്പം താമസിപ്പിച്ച ഹൈദരാബാദ് മിരിയാലഗുഡ സ്വദേശിയായ യുവാവാനെതിരെയാണ് യുവതി പരാതിപ്പെട്ടത്. 2017ൽ റാന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ല. ഹിന്ദുവായ യുവതി ഹൈദരാബാദിലെ ആശുപത്രിയിൽ നഴ്സായിരുന്നു. അവിടെ ജോലിയുള്ള യുവാവുമായി പ്രണയത്തിലായി. മുസ്ളിമായിരുന്ന ഇയാൾ ക്രിസ്തുമതം സ്വീകരിച്ചശേഷം വീണ്ടും മുസ്ളിമായി.

ഇരുവരും ഒന്നര വർഷം പ്രണയിച്ച ശേഷം ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ ഗർഭിണിയായ യുവതിയെക്കൊണ്ട് നിർബന്ധിപ്പിച്ച് ഗർഭം അലസിപ്പിച്ചു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ മതംമാറണമെന്നും ഐസിസ് ക്യാമ്പിൽ കൂടുതൽ പണം ലഭിക്കുന്ന നഴ്സായി ചേരണമെന്നും നിർബന്ധിച്ചു. എതിർത്തപ്പോൾ പല ദിവസങ്ങളിലായി ക്രൂര മർദ്ദനമേൽക്കേണ്ടി വന്നു. 2017 നവംബറിൽ യുവതിയെ ഇയാൾ റാന്നിയിലെ വീട്ടിൽ കൊണ്ടുവിട്ടു. ഇപ്പോൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ഹൈദരാബാദിലാണ്.

യുവതി നേരത്തെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് 2017ൽ ഹൈദരാബാദ് പൊലീസിന് കൈമാറിയതാണെന്ന് റാന്നി സി.ഐ വിപിൻ ഗോപിനാഥ് അറിയിച്ചു. എന്നാൽ അവിടെ കേസ് ഫയൽ കിട്ടിയിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് യുവതി പറഞ്ഞു. കേസ് ഹൈദരാബാദ് പൊലീസിന് കൈമാറാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ജില്ലാ പൊലീസ് ചീഫ് ജി. ജയദേവിന് ഡി.ജി.പി നിർദ്ദേശം നൽകി.