കോന്നി : കിഴക്കൻ മലയോര മേഖലയായ കോന്നി ഗ്രാമപഞ്ചായത്തിലെ കൊന്നപ്പാറ പള്ളിമുരുപ്പ്, കോയിക്കമുരുപ്പ്, ചെങ്ങറ പ്രദേശങ്ങളിൽ ഭൂചലനം. ഇന്നലെ ഉച്ചയ്ക്ക് 12.45 ന് വലിയ ശബ്ദത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. സമീപ സ്ഥലങ്ങളിലും ശബ്ദം അനുഭവപ്പെട്ടെങ്കിലും ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടില്ല. ചലനത്തിന്റെ തോത് വ്യക്തമായിട്ടില്ല. വിദഗ്ദ്ധ സംഘം സ്ഥല പരിശോധന നടത്തിയ ശേഷം തോത് നിർണ്ണയിക്കും. അടിയ്ക്കടി ഈ പ്രദേശങ്ങളിൽ ഉണ്ടാക്കുന്ന ഭൂചലനം പ്രദേശവാസികളിൽ ഭീതി ഉയർത്തിയിട്ടുണ്ട്. കെട്ടിടങ്ങൾക്കും മ​റ്റും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. നേരത്തെയും കോന്നി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.

തുടർച്ചയായുള്ള മഴയെ തുടർന്ന് കിഴക്കൻ മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിന് പിന്നാലെയാണ് ഭൂചലനം ആശങ്കയാകുന്നത്. പ്രദേശങ്ങളിലെ അനധികൃത പാറപൊട്ടിയ്ക്കലും ഖനനവുമാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു. സംഭവം അറിഞ്ഞ് ഗ്രാമപഞ്ചായത്ത്, റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു. ഇന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിക്കും.

ജാഗ്രതാ നിർദ്ദേശം നൽകി

ഭൂചലനം ഉണ്ടായെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കളക്ട്രേറ്റിലും ദുരന്തനിവാര അതോറിറ്റിയിലും റവന്യൂ വകുപ്പിലും വിവരം അറിയിച്ചു. പരിശോധന നടത്തി അടിയന്തര നടപടി സ്വീകരിക്കണം.

പ്രവീൺ പ്ളാവിളയിൽ

(കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്)

ജനങ്ങളുടെ ആശങ്കയകറ്റണം

തുടർച്ചയായുള്ള ഭൂചലനത്തിൽ ജനങ്ങൾ ആശങ്കയിലാണ്. പരിസ്ഥിതി മന്ത്രാലയം പഠനം നടത്തി ഉചിതമായ നടപടി സ്വീകരിക്കണം.

ബിജി വർഗീസ്

(ഗ്രാമപഞ്ചായത്ത് അംഗം)