പത്തനംതിട്ട:ധനകാര്യസ്ഥാപനത്തിന്റെ സാമ്പത്തിക തട്ടിപ്പിനിരയായ ജീവനക്കാരും ഏജന്റുമാരും നിക്ഷേപകരും പരാതിയുമായി ഡി.ജി.പിക്ക് മുന്നിൽ. ഇന്നലെ നടന്ന പൊലീസിന്റെ പരാതിപരിഹാര അദാലത്തിലാണ് കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ തട്ടിപ്പിന്റെ കഥയുമായി അൻപതിലേറെ ആളുകൾ ഒരുമിച്ച് എത്തിയത്. ഇരുനൂറുകോടി രൂപയിലേറെ നഷ്ടമായതായി പരാതിയിൽ പറയുന്നു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലായി പതിനയ്യായിരത്തിലേറ ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പരാതിക്കാർ പറഞ്ഞു. പരാതിയുമായി രംഗത്ത് എത്തിയവരിലേറെയും സ്ഥാപനത്തിലെ ജീവനക്കാരാണ്. ജോലിക്കായി ലക്ഷങ്ങൾ കൊടുത്തതിനു പുറമേ നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ലക്ഷങ്ങൾ ഇവർ മുഖാന്തിരം സ്ഥാപനത്തിൽ നിക്ഷേപമായി ലഭിച്ചിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ അടൂർ സ്വദേശി ജി.ഉണ്ണിക്കൃഷ്ണനാണ്. ഒളിവിൽ കഴിയുകയാണിപ്പോൾ. തുടക്കത്തിൽ ഇടപാടുകൾ എല്ലാം കൃത്യമായിരുന്നു. വിശ്വാസം ആർജ്ജിച്ചതോടെ കൂടുതൽ ആളുകളെ ഏജന്റുമാർ ആകർഷിച്ച് നിക്ഷേപം നടത്തി. ഏജന്റുമാരിൽ കൂടുതലും സ്ത്രീകളായിരുന്നു. കമ്പിനി പൂട്ടിയതോടെ നിക്ഷേപകർ ഏജന്റുമാരെയും ജീവനക്കാരെയും സമീപിച്ച് പണം ആവശ്യപ്പെട്ടു. ഇതോടെ സ്ത്രീകൾക്ക് വീടുവിട്ടുപുറത്തിറങ്ങാനാകാത്ത സ്ഥിതിയായി. വിവാഹചടങ്ങുകൾക്കോ ആരാധനാലയങ്ങളിലോ പോകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും അവർ ഡി.ജി.പിയോട് പറഞ്ഞു. കമ്പിനി എം.ഡിക്കെതിരെ കേസ് എടുത്ത് ഫലപ്രദമായി അന്വേഷിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും പരാതിക്കാർ പറയുന്നു. ഒരാഴ്ച്ചക്കകം അന്വേഷിച്ച് വേണ്ടതുചെയ്യാമെന്ന് ഡി.ജി.പി ഉറപ്പുനൽകിയതായും പരാതിക്കാർ പറഞ്ഞു.