mala

അടൂർ: ഏനാത്തിന് സമീപം വലിയ ശബ്ദത്തോടെ കുന്ന് വിണ്ടുകീറിയത് പരിഭ്രാന്തി പരത്തി. ഊരാളത്തിൽപ്പടി - ഏനാത്ത് റോഡിൽ പുതുപ്പുരയ്ക്കൽ ജയിംസിന്റെ വീടിന് സമീപത്തുള്ള ഇരുപതടി ഉയരത്തിലുള്ള കുന്നാണ് ഒരു മീറ്റർ വ്യാസത്തിൽ വിണ്ടുകീറിയത്. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ വിള്ളൽ ശ്രദ്ധയിൽപ്പെട്ടു. വിള്ളൽ ഉണ്ടായതിന് പുറമെ കിണറിന്റെ ആൾമറഭാഗത്തേക്ക് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. സമീപത്താണ് വീടുള്ളത്. അടർന്നിരിക്കുന്ന ഭാഗം നീക്കിയില്ലെങ്കിൽ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് പതിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ഇതിന് സമീപത്താണ് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മണ്ണടി കന്നിമല. ഇവിടെ ക്വാറി ആരംഭിച്ചതിന് ശേഷം രണ്ട് തവണ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുടങ്ങാനുള്ള ശ്രമം നടക്കുന്നുണ്ട്.