പത്തനംതിട്ട: ഇന്നലെ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ആഡിറ്റോറിയത്തിൽ നടന്ന പൊലീസ് അദാലത്തിൽ പരാതിക്കരെ സഹായിക്കാനെത്തിയ എസ്.എെ ദമ്പതികൾ ശ്രദ്ധേയരായി. കൊടുമൺ പൊലീസ് സ്റ്റേഷനിലെ എസ്.എെ കെ.ബൈജുവും ഭാര്യ അടൂർ സ്റ്റേഷനിലെ എസ്.എെ കെ.കെ.സുജാതയുമാണ് അദാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇരുവരും രാവിലെ എട്ടിന് തന്നെ ജോലിക്ക് ഹാജരായി. അതത് പൊലീസ് സ്റ്റേഷൻ പരിധിയിലെ പരാതിക്കാരെ ഡി.ജി.പിയെ കാണാൻ സഹായിക്കുകയായരുന്നു ഇരുവരും.
ജീവിതത്തിലെ ഒരുമ പോലെ ഇവരുടെ പൊലീസ് ഡ്യൂട്ടിയിലുമുണ്ട് സാമ്യത. രണ്ടു പേരും പൊലീസ് സ്റ്റേഷനുകളിലെ പി.ആർ.ഒമാരാണ്. ബൈജു 1990ലും സുജാത 91ലുമാണ് സേനയിൽ ചേർന്നത്. വിവാഹം കഴിച്ചത് 1993ൽ. അടൂർ പന്നിവിഴ ശിവശൈലം വീട്ടിലാണ് താമസം. മകൻ ജുബിൻ പന്തളം എൻ.എസ്.എസ് കോളേജിലെ പി.ജി വിദ്യാർത്ഥിയാണ്.