കൊല്ലം: കാറിന്റെ ചില്ലുകളിൽ സൺഫിലിമോ ടിന്റഡ് ഗ്ളാസോ സ്ഥാപിച്ച്, പുറത്തുനിന്നു നാേക്കിയാൽ തിരിച്ചറിയാൻ കഴിയാത്ത വിധം ഇരുട്ട് സൃഷ്ടിച്ച് യാത്ര ചെയ്യുന്നവരെ പിടികൂടാൻ പൊലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാകുന്നില്ല. ഇത്തരത്തിൽ സഞ്ചരിക്കുന്നവരുടെ കൂട്ടത്തിൽ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സമ്പന്നരും ഉൾപ്പെട്ടതിനാലാണ് കണ്ണടയ്ക്കുന്നതെന്ന് ആക്ഷേപം ശക്തമായി.
വാഹനങ്ങളിൽ സൺ ഫിലിമാേ, ടിന്റഡ് ഗ്ളാസോ, കർട്ടണോ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കയാണ് ഉന്നതരുടെ നിയമലംഘനം.അപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി ആരംഭിച്ച വാഹന പരിശോധനയിൽ ഇതുവരെ സൺഫിലിം ഒട്ടിച്ച വാഹനങ്ങൾക്കെതിരെ നടപടി തുടങ്ങിയിട്ടില്ല. സൺഫിലിം ഒട്ടിച്ചു കൊടുക്കുമെന്ന് പരസ്യമായി ബോർഡ് സ്ഥാപിച്ച് സ്ഥാപനങ്ങളും സജീവമായിട്ടുണ്ട്. 2012 ഏപ്രിൽ 27 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ, ജസ്റ്റിസുമാരായ എ.കെ പട്നായിക്, സ്വതന്തർ കുമാർ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച് വാഹനങ്ങളുടെ ഉൾവശം കാണാത്ത വിധം സൺഫിലിം ഒട്ടിയ്ക്കുന്നതിനെതിരെ സുപ്രധാന വിധി പ്രസ്താവിച്ചിരുന്നു.ആ വർഷം മേയ് 4 മുതൽ നടപ്പാക്കാൻ നിർദ്ദേശിച്ച ഉത്തരവ് പ്രകാരം ഗ്ളാസുകളിൽ കർട്ടൻ പോലും ഉപയോഗിക്കരുതെന്ന് നിഷ്ക്കർഷിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ സൺഫിലിം മാറ്റി പകരം കർട്ടൻ ഉപയോഗിച്ചു തുടങ്ങി.
ഉത്തരവ് 2012 ഏപ്രിൽ 27
നിയമ ലംഘകർ
1.സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്ന ഉന്നതർ
2.ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന സമ്പന്നർ
3.തുണി കർട്ടൺ ഉപയോഗിക്കുന്ന ഐ. എ. എസുകാർ, ഐ. പി. എസുകാർ
4. രാഷ്ട്രീയക്കാർ
കോടതി ഉത്തരവിന്റെ പശ്ചാത്തലം
രാജ്യത്ത് നടക്കുന്ന തീവ്രവാദി ആക്രമണം, തട്ടിക്കൊണ്ടുപോകൽ,മാനഭംഗം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ഉൾവശം കാണാനാകാത്തവിധം കറുത്ത ഫിലിം ഒട്ടിച്ച കാറുകളിലാണെന്ന കണ്ടെത്തൽ
കോടതി അലക്ഷ്യം
ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാന ഡി.ജി.പിമാരും പൊലീസ് കമ്മിഷണർമാരും കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് 2012 ആഗസ്റ്റ് 3 ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
പിഴ തുക തുച്ഛം
പിഴ : 500 രൂപ (പഴയ നിരക്ക്: 100)
നടപടിക്ക് അധികാരം: പൊലീസിനും മോട്ടോർ വാഹന വകുപ്പിനും
പൊലീസിന്റെ കൊള്ളപ്പിരിവ്
ഹെൽമറ്റും സീറ്റ് ബെൽറ്റ് പരിശോധനയുടെയും പേരിൽ കഴിഞ്ഞ ദിവസം വ്യാപകമായി പിഴയീടാക്കിയ പൊലീസ് വഴിയിൽ കണ്ട വാഹനങ്ങളിൽ നിന്നെല്ലാം പിഴയീടാക്കിയതായി പരാതി ഉയർന്നു. നോ പാർക്കിംഗ് ബോർഡില്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്ന് 500 രൂപ വീതം പിഴ ഈടാക്കാൻ സ്റ്റിക്കർ പതിച്ചു. വാഹന ഉടമകൾ മടങ്ങി എത്തിയപ്പോഴാണ് തങ്ങളുടെ വാഹനങ്ങളിൽ ട്രാഫിക് പൊലീസിന്റേതായി പതിച്ച സ്റ്റിക്കറിൽ 500 രൂപ പിഴ ഈടാക്കിയതായി ശ്രദ്ധയിൽ പെട്ടത്. എന്നാൽ, എന്ത് നിയമലംഘനമാണ് നടത്തിയതെന്ന വിവരം സ്റ്റിക്കറിൽ വ്യക്തമാക്കിയിട്ടുമില്ല.