പുനലൂർ: അസൗകര്യങ്ങളുടെ കൂമ്പാരത്തിന് നടുവിൽ ആര്യങ്കാവിലെ പൊലീസ് ഒൗട്ട് പോസ്റ്റ്. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുമായി വരുന്ന സംഘങ്ങളെ പിടികൂടാനുള്ള പൊലീസുകാർ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ടത് ഇവിടെയാണ്. എന്നാൽ, ഇഴജന്തുക്കൾ വിഹരിക്കുന്ന ഇവിടെ സ്വന്തം ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് പൊലീസുകാർ. തമിഴ്നാട് അതിർത്തിയോട് ചേർന്ന ആര്യങ്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിന് സമീപത്താണ് ജീർണ്ണത ബാധിച്ച കെട്ടിടം.
രാജഭരണകാലത്ത് ഔട്ട് പോസ്റ്റിന് സമീപത്ത് ഉണ്ടായിരുന്ന പൊലീസ് സ്റ്റേഷനിലെ ജീവനക്കാർക്ക് താമസിക്കാൻ പണികഴിപ്പിച്ച കെട്ടിടമാണിത്. രാജഭരണ കാലത്തെ പൊലീസ് സ്റ്റേഷൻ കെട്ടിടം മതിയായ സംരക്ഷണമില്ലാതെ വർഷങ്ങൾക്കു മുമ്പേ തകർന്നു. ശ്രീധർമ്മ ശാസ്താക്ഷേത്രത്തിന്റെ സംരക്ഷണത്തിനും തമിഴ്നാട്ടിൽ നിന്നെത്തുന്ന അക്രമികളെ നേരിടാനുമായിരുന്നു തിരുവിതാംകൂർ മഹാരാജാവ് ഇവിടെ പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചത്. പിന്നീട് പൊലീസ് സ്റ്റേഷൻ കുളത്തൂപ്പുഴയിലേക്കും തുടർന്ന് തെന്മലയിലേക്കും മാറ്റുകയായിരുന്നു.
പ്രാഥമിക സൗകര്യങ്ങൾപോലും ഇല്ല
ഓണം അടക്കമുള്ള വിശേഷ ദിവസങ്ങൾ അടുക്കുമ്പോൾ സമീപത്തെ ചെക്ക്പോസ്റ്റുകൾക്ക് പുറമെ ഔട്ട് പോസ്റ്റിലും വാഹനങ്ങൾ പരിശോധിക്കാറുണ്ട്. അതിനായി കൂടുതൽ പൊലീസുകാരെ നിയോഗിക്കുമെങ്കിലും അവർക്ക് ഇരിക്കാനോ, ഉറങ്ങാനോ,പ്രാഥമിക സൗകര്യം നിറവേറ്റാനോ സൗകര്യമില്ല.
അഞ്ച് വർഷംമുമ്പ് ഔട്ട്പോസ്റ്റിനെ പൊലീസ് സ്റ്റേഷനായി ഉയർത്തുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
അയൽ സംസ്ഥാനങ്ങളിൽ നിന്നും സ്പിരിറ്റ് അടക്കമുളള ലഹരി വസ്തുക്കളും, കളളക്കടത്ത് സാധനങ്ങളും ആര്യങ്കാവ് വഴി കടന്ന് വരുമ്പോൾ ഇത് പിടികൂടാൻ ആധുനിക സൗകര്യങ്ങളോട് കൂടിയ പൊലീസ് സ്റ്റേഷൻ അത്യാവശ്യമാണ്.
1000ക്കണക്കിന് വാഹനങ്ങൾ
കൊല്ലം-തിരുമംഗലം ദേശിയ പാതയോരത്തെ ഔട്ട്പോസ്റ്റിന് മുന്നിലൂടെയാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് ലോറികൾ അടക്കമുളള ആയിരക്കണക്കിന് വാഹനങ്ങൾ കേരളത്തിലേക്ക് വരുന്നതും, തിരിച്ചുപോകുന്നതും.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ഏറ്റവും കൂടുതൽ കഞ്ചാവ് എത്തുന്നതും അതിർത്തിയിലെ ആര്യങ്കാവ് വഴിയാണ്. ഇത് കണക്കിലെടുത്ത് ഔട്ട് പോസ്റ്റ് കെട്ടിടത്തിൽ മെച്ചപ്പെട്ട സൗകര്യവും,മഫ്ടി ടാക്സ് ഫോഴ്സ് ടീമിനെയും നിയോഗിക്കുമെന്ന് പൊലീസ് അധികാരികൾ പറയുന്നത്.
കഥ ഇങ്ങനെ......
1.പാർശ്വഭിത്തികൾ പൊട്ടിപ്പൊളിഞ്ഞു ചോർന്ന് ഒലിക്കുന്നു.
2. നാല് പൊലീസുകാർ ജീവൻ പണയപ്പെടുത്തിയാണ് ഡ്യൂട്ടി നോക്കുന്നത്.
3.കെട്ടിടത്തിന്റെ കാട് വളർന്ന് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി.
4. തെന്മല പൊലീസ് സ്റ്റേഷന്റെ നിയന്ത്രണത്തിലാണ് ആര്യങ്കാവ് ഔട്ട് പോസ്റ്റ്
5.പത്ത് വർഷമായി കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നില്ല