ഏരൂർ: പുനലൂരിലെ ആദ്യ എം.എൽ.എയായ പി. ഗോപാലന്റെ പേരിലുള്ള പുതിയ റോഡ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. നടുക്കുന്നുംപുറം കണ്ണമംഗലം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് മന്ത്രികൂടിയായ കെ. രാജു അനുവദിച്ച 20 ലക്ഷം രൂപയും ഏരൂർ ഗ്രാമ പഞ്ചായത്ത് വകയായ 6 ലക്ഷം രൂപയും ചെലവഴിച്ചാണ് റോഡിന്റെ പണി പൂർത്തീകരിച്ചത്. ഈ റോഡ് ഇനിമുതൽ പി. ഗോപാലൻ മെമ്മോറിയൽ റോഡായി അറിയപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ഏരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഷാ ഷിബു അദ്ധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ എസ്. സന്തോഷ്, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. സലീം, മണ്ഡലം കമ്മിറ്റി അംഗം എ.ജെ. ദിലീപ് കുമാർ, സി.പി.ഐ ഏരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുദേവൻ തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ ടൗൺ ബ്രാഞ്ച് സെക്രട്ടറി ബാഹുലേയൻ, എ.ഐ.വൈ.എഫ് ഏരൂർ മേഖലാ പ്രസിഡന്റ് ആദർശ് സതീശൻ, സെക്രട്ടറി വിഷ്ണു.ആർ, മുരുക്കുംകോട് ബ്രാഞ്ച് സെക്രട്ടറി ശ്രീകല, ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു.