പുത്തൂർ: രണ്ട് ജില്ലകളിലെ ജനങ്ങൾക്ക് ആശ്രയമായ നമ്പിമൺ തൂക്കുപാലത്തിന്റെ പുനർനിർമ്മാണം വൈകുന്നു. കഴിഞ്ഞ മഹാപ്രളയത്തിലാണ് കല്ലടയാർ കരകവിഞ്ഞൊഴുകിയപ്പോൾ ഒഴുകിവന്ന വലിയ തടികൾ തട്ടി പാലത്തിന്റെ ഒരു വശത്തെ തൂണുകൾ ഇളകി മാറിയത്. നടപ്പാത ഇളകുകയും കൈവരികൾ തകരുകയും ചെയ്തു.
പത്തനംതിട്ട ജില്ലയിലെ ഇളംഗമംഗലത്തേയും കൊല്ലം ജില്ലയിലെ കുളക്കട പ്രദേശത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇളംഗമംഗലം പ്രദേശത്തെ വിദ്യാർത്ഥികളാണ്. അപകടമാണെന്നറിഞ്ഞിട്ടും കുളക്കടയിലും സമീപപ്രദേശത്തെയും സ്കൂളുകളിൽ പഠിക്കുന്ന ഇവിടുത്തെ വിദ്യാർത്ഥികൾ പാലത്തിനെ തന്നെ ആശ്രയിക്കുകയാണ്. ബസ് സൗകര്യമില്ലാത്തതിനാൽ ഇവർക്ക് കുളക്കടയിലേക്ക് പോകണമെങ്കിൽ കിലോമീറ്ററുകൾ നടന്ന് ഏനാത്തിലെത്തണം. ഇവിടെ നിന്ന് ബസ് കയറിയാലെ സ്കൂളിലെത്താൻ സാധിക്കൂ. ഇതാണ് അപകാവസ്ഥയിലായ പാലം ഉപയോഗിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
മുമ്പ് ഏനാത്തുവഴി ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവീസ് നിലച്ചതും കല്ലടയാറിന് കുറുകേ ഉണ്ടായിരുന്ന കടത്തുവള്ളം നിറുത്തലാക്കുകയും ചെയ്തതോടെ ചെകുത്താനും കടലിനും ഇടയിലെന്നപോലെയായി ഇവരുടെ അവസ്ഥ. തകർന്ന് രണ്ട് കഷണമായ പാലത്തിലൂടെ അതിസാഹസികമായാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മറുകരയെത്തുന്നത്. ഒരു നിമിഷം പാളിയാൽ ഇവർ കല്ലടയാറ്റിലേക്കാകും പതിക്കുക.
വേണ്ടത് പുനർനിർമ്മാണം
ജില്ലാ പഞ്ചായത്ത് 6, 77,846 രൂപയും കുളക്കട ഗ്രാമ പഞ്ചായത്ത് ആറു ലക്ഷം രൂപയും പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി മുമ്പ് അനുവദിച്ചിരുന്നു. 2018ൽ വിദഗ്ദ്ധസംഘം പരിശോധന നടത്തിയപ്പോൾ പുനർനിർമ്മാണം മാത്രമേ ഇനി സാദ്ധ്യമാകൂ എന്ന് കണ്ടെത്തി. എന്നാൽ നിലവിലുള്ള ഫണ്ട് ഇതിനായി തികയില്ല. ഇതാണ് നിർമ്മാണം വൈകുന്നതിന് കാരണമെന്നാണ് കുളക്കട ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്.