മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് ലോകത്ത് പലയിടങ്ങളിലും പലവിധ ആചാരങ്ങളാണ്. മിക്കയിടത്തും മൃതദേഹം കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ, ഇന്തോനേഷ്യയിലെ ബാലിയിലുള്ള ഒരു ഗ്രാമത്തിൽ ഈ രണ്ട് രീതികളുമില്ല! പകരം മൃതദേഹങ്ങൾ അഴുകി നശിക്കുകയാണ് ചെയ്യുക. വിശുദ്ധമെന്ന് വിശ്വസിക്കുന്ന ഒരു മരച്ചുവട്ടിലാണ് മൃതദേഹങ്ങൾ കൂട്ടിയിടുന്നത്. അഴുകി തുടങ്ങിയ മൃതദേഹങ്ങൾ കാണാൻ വിനോദ സഞ്ചാരികൾ ഇവിടെയെത്തുന്നുവെന്നതാണ് മറ്റൊരു കൗതുകം.
ട്രൂൺയാൻ ഗ്രാമവാസികളാണ് ഇങ്ങനെ വിചിത്രമായ രീതിയിൽ ശവസംസ്‌കാരം നടത്തുന്നത്. മൃതദേഹങ്ങളിലെ മാംസം അഴുകി കഴിഞ്ഞാൽ, തലയോട്ടികൾ മരച്ചുവട്ടിലെടുത്തുവയ്ക്കും. 1100 വർഷം പഴക്കമുള്ള മരമാണിതെന്നാണ് വിശ്വാസം. വനത്തിനുള്ളിലെ ഈ ഗ്രാമത്തിലെത്തണമെങ്കിൽ സന്ദർശകർക്ക് ഏറെ പണിപ്പെടണം. ബാത്തൂർ തടാകം കടന്നുവേണം ബാത്തൂർ അഗ്‌നിപർവതത്തിന്റെ താഴ്‌വരയിലുള്ള ഗ്രാമത്തിലെത്താൻ.
ചെറിയ മുളവടികൾ കൊണ്ടുള്ള കൂട്ടിലാക്കിയാണ് മൃതദേഹങ്ങൾ ഇവിടെ ഉപേക്ഷിക്കുന്നത്. മൃഗങ്ങളും മറ്റും കടിച്ചുപറിക്കാതിരിക്കുന്നതിനാണ് കൂട്. വിവാഹിതരായ ആളുകളെ മാത്രമേ ഇങ്ങനെ പരസ്യമായി അടക്കം ചെയ്ത് ആദരിക്കുകയുള്ളൂ. അവിവാഹിതർ മരിച്ചാൽ കുഴിച്ചിടുകയാണ് ട്രൂൺയാൻ ഗ്രാമത്തിലെ രീതി. താരു മെന്യാൻ മരത്തിനു ചുവട്ടിൽ മൃതദേഹങ്ങൾ കിടന്ന് ചീഞ്ഞളിഞ്ഞാലും ദുർഗന്ധം വരില്ലെന്ന് ഇവിടത്തുകാർ പറയുന്നു. മരത്തിൽനിന്നുള്ള സുഗന്ധമാണ് ദുർഗന്ധം ഇല്ലാതാക്കുന്നതത്രേ.
മൃതദേഹങ്ങളിലെ മാംസം മുഴുവൻ അഴുകി അസ്ഥികൂടം തെളിയുന്നതോടെ, തലയോട്ടിയെടുത്ത് മരച്ചുവട്ടിലെ അൾത്താരയിൽവയ്ക്കും. കൂട് മറ്റൊരു മൃതദേഹത്തിനായി നൽകുകയും ചെയ്യും. മൃതദേഹങ്ങൾ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചുവേണം ഇവിടെവയ്ക്കാൻ. മുഖം മറയ്ക്കാനും പാടില്ല. മൃതദേഹവുമായി വരുമ്പോൾ സ്ത്രീകൾക്ക് പ്രവേശന വിലക്കുണ്ട്. അല്ലാത്ത സമയത്ത് വരുന്നതിൽ വിലക്കില്ല. മൃതദേഹവുമായി സ്ത്രീകൾ പ്രവേശിച്ചാൽ അത് ഭൂകമ്പത്തിനോ അഗ്‌നിപർവത സ്‌ഫോടനത്തിനോ ഇടയാക്കുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം.