കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര സി.എം.എസ് എൽ.പി സ്കൂളിലെ കുട്ടികളുടെ ലാലാജി ഗ്രന്ഥശാലയിലേക്കുള്ള പഠനയാത്ര ശ്രദ്ധേയമായി. സ്കൂളിലെ 3, 4 ക്ലാസുകളിലെ 50 ഓളം കുട്ടികളാണ് ഗ്രന്ഥശാല സന്ദർശിച്ചത്. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് പഠനയാത്ര സംഘടിപ്പിച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. രാവിലെ 10.30ന് ഗ്രന്ഥശാലയിലെത്തിയ കുട്ടികളെ മധുരം നൽകിയാണ് ഗ്രന്ഥശാലാ അധികൃതർ സ്വീകരിച്ചത്. തുടർന്ന് കുട്ടികൾക്ക് ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ ലൈബ്രേറിയൻ ബി.സജീവ് കുമാർ വിശദീകരിച്ച് നൽകി. ഉച്ചയ്ക്ക് 12 മണിയോടെ കുട്ടികൾ സ്കൂളിലേക്ക് തിരികെപ്പോയി. ഗ്രന്ഥശാലാ സെക്രട്ടറി ജി.സുന്ദരേശൻ, ഭരണ സമിതി അംഗങ്ങളായ എ. നിർമ്മലാദേവി, വർഗീസ് മാത്യു, ലൈബ്രേറിയൻ എസ്. കല, സ്കൂൾ അദ്ധ്യാപകനായ ബിജു വർഗീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.