പുനലൂർ: ആരോഗ്യ രംഗത്ത് കേരളത്തിന് തന്നെ മാതൃകയായ പുനലൂർ താലൂക്ക് ആശുപത്രിയിൽ കൂടുതൽ തസ്തികകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആശുപത്രിയിലെ സഞ്ജീവനി പദ്ധതി, മാതൃയാനം, കുട്ടികളുടെ ദന്തവിഭാഗം, ഫാക്കോ സർജറി എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തസ്തികകൾ അനുവദിക്കുന്ന കാര്യത്തിൽ ധനകാര്യ മന്ത്രിയുടെ അനുഭാവ പൂർണമായ സഹകരണമാണ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയിൽ പൂർത്തിയാകുന്ന ആരോഗ്യ മേഖലയിലെ ആദ്യ ബഹുനില കെട്ടിടം പുനലൂർ താലൂക്ക് ആശുപത്രിയിലാണ്. 10 നിലയുള്ള 100 കോടിയിൽപരം രൂപ ചെലവ് വരുന്ന കെട്ടിടം യാഥാർഥ്യമാകുന്നത് ഇവിടുത്തെ ജീവനക്കാരുടെ ആത്മാത്ഥത കൊണ്ടാണ്. ഇതിനോടകം സംസ്ഥാനത്തെ വിവിധ ജനപ്രതിനിധികൾ പുനലൂർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കണ്ടു പഠിക്കാൻ എത്തിയത് ഇതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, വൈസ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, വി. ഓമനക്കുട്ടൻ, സാബു അലക്സ്, അംജിത്ത് ബിനു, സുജാത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.വി. ഷേർളി, ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷാ, ഫാ. ഫിലിപ്പ് ബേബി തുടങ്ങിയവർ സംസാരിച്ചു.