ചാത്തന്നൂർ: അസുഖ ബാധിതയായതിനെ തുടർന്ന് ഭർത്താവ് ഉപേക്ഷിച്ച് പോയ യുവതിയുടെ ചികിത്സയ്ക്കായി ചാത്തന്നൂർ നന്മ ചാരിറ്റബിൾ സൊസൈറ്റി സമാഹരിച്ച ഇരുപത്തിയയ്യായിരം രൂപയുടെ ചെക്ക് ഭാരവാഹികൾ യുവതിയുടെ ബന്ധുക്കൾക്ക് കൈമാറി. ചാത്തന്നൂർ കോയിപ്പാട് പാറയിൽ വീട്ടിൽ സഹീറയാണ് ഗുരുതരാവസ്ഥയിൽ വീട്ടിൽ കഴിയുന്നത്.
പ്രഷർ വന്ന് തലച്ചോറിൽ ബ്ലീഡിംഗ് ഉണ്ടായതിനെ തുടർന്ന് തലയോട്ടി ഓപ്പറേഷൻ ചെയ്ത് വയറ്റിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്. മെഡിക്കൽ കോളേജിലാണ് ഓപ്പറേഷൻ നടന്നത്. ഇപ്പോൾ ശ്രീചിത്രയിലെ ചികിത്സയിലാണ് സഹീറ. ഇനി തലയോട്ടി തിരികെ വയ്ക്കുന്നതിനുള്ള ഓപ്പറേഷനായി രണ്ടര ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ബന്ധുക്കൾ പറയുന്നത്.
മൂന്ന് കുട്ടികളുടെ അമ്മയാണ് സഹീറ. ഈ സാഹചര്യത്തിലാണ് ശാസ്ത്രക്രിയയ്ക്കായി ചാത്തന്നൂർ നന്മചാരിറ്റബിൽ സൊസൈറ്റി സ്വരൂപിച്ച തുക സഹീറയുടെ ബന്ധുക്കൾക്ക് കൈമാറിയത്.
ചടങ്ങിൽ സെക്രട്ടറി സുരേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ നാസർ, പുഷ്പേന്ദ്രൻ, രമണിക്കുട്ടിഅമ്മ, മുരളീധരൻ, സിദ്ദിഖ്, പ്രകാശ് എന്നിവർ പങ്കെടുത്തു.