photo
കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിവെ ലഹരി വിരുദ്ധ കാമ്പയിന്റെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളെയും ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കാമ്പയിന് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാനവ സൗഹൃദ സംഘത്തിന്റെയും നാഷണൽ സർവ്വീസ് സ്കീം കരുനാഗപ്പള്ളി ക്ലസ്റ്ററിന്റെയും നേതൃത്വത്തിലാണ് കാമ്പയിൻ. വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധസേനയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എം. ശോഭനയും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എയും നിർവഹിച്ചു.

തിരുവനന്തപുരം ആർ.സി.സിയിലെ ഡോ.സി.വി. പ്രശാന്ത് ക്ളാസ് നയിച്ചു. നഗരസഭാ കൗൺസിലർ എൻ.സി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സംസ്ഥാന കോ ഓർഡിനേറ്റർ ജേക്കബ് ജോൺ ലഹരിവിരുദ്ധ സേനയക്കുറിച്ച് വിശദീകരിച്ചു. എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ പിള്ള, എൻ.എസ്. എസ് ജില്ലാ കോ ഓർഡിനേറ്റർ പി.ബി. ബിനു, കെ.ജി. പ്രകാശ്, കെ.ജി. ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കാമ്പയിന്റെ ഭാഗമായി 8ന് രാവിലെ 8.30ന് സ്കൂളുകളിലേക്കുള്ള ലഹരിവിരുദ്ധ സന്ദേശയാത്ര കരുനാഗപ്പള്ളി മുനിസിപ്പൽ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് യാത്രകേന്ദ്രങ്ങളായ സ്കൂളുകളിൽ മജീഷ്യൻ രാജീവ് മേമുണ്ട മാജിക്ക് അവതരിപ്പിക്കും.