photo
മാലിന്യപൂരിതമായ തുറയിൽക്കടവ് മുണ്ടകപ്പാടം

കരുനാഗപ്പള്ളി: നാട്ടുകാർക്ക് തലവേദനയായി തുറയിൽക്കടവ് മുണ്ടകപ്പാടത്തെ മാലിന്യ നിക്ഷേപം. രാത്രിയുടെ മറവിൽ കോഴിവേസ്റ്റ് ഉൾപ്പടെയുള്ളവയാണ് ഇവിടെക്കൊണ്ടുവന്ന് തള്ളുന്നത്. രാത്രി 8 മണി കഴിയുന്നതോടെ തുറയിൽക്കടവ് വിജനമാകും. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ മാത്രമാണ് വല്ലപ്പോഴും ഇതുവഴി കടന്നുപോകുന്നത്. ഇതിന്റെ മറപിടിച്ചാണ് വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം വലിച്ചെറിയുന്നത്. ഇവിടെ നിക്ഷേപിക്കാൻ സാധിക്കാത്ത മാലിന്യം ടി.എസ്. കനാലിലേക്കും വലിച്ചെറിയുന്നുണ്ട്. ഇത് അനുദിനം തുടരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. കടത്തുകടവിലും സമീപപ്രദേശങ്ങളിലും നിരീക്ഷണ കാമറകൾ ഇല്ലാത്തതാണ് മാലിന്യവുമായി എത്തുന്നവർക്ക് തുണയാകുന്നത്. ഇത് കണക്കിലെടുത്ത് കാമറകൾ സ്ഥാപിക്കാൻ പഞ്ചായത്ത് തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

2ഏക്കർ ഭൂമി തരിശായി

ഒരുസമയത്ത് കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ പ്രധാന കൃഷിയിടങ്ങളിൽ ഒന്നായിരുന്നു ഈ മുണ്ടകപ്പാടം. ഒന്നര പതിറ്റാണ്ടിന് മുമ്പുവരെ ഇവിടെ ഒറ്റക്കൃഷി നടത്തിയിരുന്നു. ഈ സമയങ്ങളിൽ നൂറുമേനി വിളവാണ് ലഭിച്ചിരുന്നത്. പാടത്ത് ഉപ്പുവെള്ളം കയറിത്തുടങ്ങിയതും കൃഷി ലാഭകരമല്ലാതായതുമാണ് കർഷകരെ പിന്നോട്ടടിച്ചത്. ഇതോടെ രണ്ട് ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പാടം തരിശായി.

പകർച്ചവ്യാധി ഭീഷണിയും പടരുന്നു...

മുണ്ടകപ്പാടത്ത് കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നുണ്ടാകുന്ന ദുർഗന്ധമാണ് നാട്ടുകാരുടെ സ്വസ്ഥത കെടുത്തുന്നത്. അവശിഷ്ടങ്ങൾ പക്ഷികൾ കൊത്തിവലിച്ച് വീടുകളുടെ മുറ്റത്തും കിണറുകളിലും കൊണ്ടുചെന്നിടുന്നു. ഇതുകാരണം പകർച്ചവ്യാധികൾ പടരുമോ എന്നാണ് ജനങ്ങളുടെ ആശങ്ക.തുറയിൽക്കടവ് മുണ്ടകപ്പാടം ടി.എസ്. കനാലിനോട് ചേർന്ന് കിടക്കുന്നതിനാൽ കായലിൽ നിന്നും പലതരം മത്സ്യങ്ങളും ഇവിടെ എത്താറുണ്ട്. മുമ്പ് പാടം മികച്ചൊരു മത്സ്യംവളർത്തൽ കേന്ദ്രംകൂടിയായിരുന്നു. മാലിന്യം കുന്നുകൂടാൻ തുടങ്ങിയതോടെ പാടത്തുനിന്ന്മത്സ്യം പിടിക്കുന്നത് തന്നെ നാട്ടുകാർ ഒഴിവാക്കിയിരിക്കുകയാണ്.